75 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണം! ഹമാസ് ഭീഷണിക്ക് പിന്നാലെ ഗാസ തരിപ്പണമാക്കി ഇസ്രയേൽ

Advertisement

ജറുസലേം: പലസ്തീനിൽ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേൽ. ഹമാസിന്റെ ഭീഷണിയെത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഗാസ മുനമ്പിൽ ഇസ്രയേൽ വൻ ആക്രമണം നടത്തിയത്. വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ ബന്ദികളാക്കിയവരെ ഓരോരുത്തരെ ആയി പരസ്യമായി വധിക്കുമെന്നായിരുന്നു ഹമാസ് ഭീഷണി. എന്നാൽ ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയ ശേഷം പ്രദേശത്തെ തരിപ്പണമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇന്ന് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 700 ലേറെ നിവാസികൾക്കാണ് ജീവൻ നഷ്ടമായത്. ഗാസയിൽ നിന്ന് അഭയാർത്ഥികളായി നിരവധിപ്പേർ പാലായനം ചെയ്യുകയാണ്. ലെബനൻ അതിർത്തിയിലും സ്ഥിതി മോശമാകുകയാണ്. ലബനാനിലെ ഹിസ്ബുല്ല സംഘം ഇസ്രയേലിന് ഉള്ളിലേക്ക് വീണ്ടും വെടിയുതിർത്തു. തിരിച്ചടിയായി ലെബനോനിൽ ഇസ്രയേൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആക്രമണം നടത്തി. ഹിസ്ബുല്ല സായുധ സംഘത്തിലെ ആറു പേർ കൊല്ലപ്പെട്ടു. ഒരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു. വർഷങ്ങളായി ഇറാന്റെ പൂർണ്ണ പിന്തുണയുള്ള ഹിസ്ബുല്ല ലെബനോനിൽ വലിയ സ്വാധീനവും ഭരണ പങ്കാളിത്തവുമുള്ള സായുധസംഘമാണ്.

അതേസമയം, ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരിച്ചു. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു.

ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. മുപ്പത് പേരെ ഹമാസ് ഗാസയിൽ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികൾ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ആക്രമണം നടന്ന് നാലാം ദിവസവും ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ആയിട്ടില്ല.

Advertisement