സ്കാൻ റിപ്പോർട്ട് അവഗണിച്ചു; ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ച 25 വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

ലണ്ടൻ: ബ്രെയിൻ ട്യൂമർ ബാധിതനായ 25 വയസുകാരന് ഡോക്ടർ തെറ്റായി രോഗനിർണയം നടത്തിയെന്ന് കുടുംബത്തിന്റെ പരാതി. സി.ടി സ്കാൻ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ അത് കംപ്യൂട്ടറിന് സംഭവിച്ച പിശകാണെന്ന് പറഞ്ഞ് അവഗണിച്ചുവെന്നാണ് ആരോപണം.

അപ്പൻഡിസൈറ്റിസാണ് യുവാവിന്റെ രോഗമെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. യുകെയിൽ നടന്ന സംഭവത്തെ കുറിച്ച് ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.

കാർപെന്ററായി ജോലി ചെയ്തിരുന്ന ജോഷ് വാർണർ എന്ന 25 വയസുകാരൻ കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിലാണ് ഡാരന്റ് വാലി ഹോസ്‍പിറ്റിലിൽ എത്തിയത്. സിടി സ്കാൻ എടുത്ത ഡോക്ടർ അദ്ദേഹത്തിന് അപ്പൻഡിസൈറ്റിസാണെന്ന് കണ്ടെത്തിയെന്നാണ് ആരോപണം. വയറുവേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയ നടത്തി അപ്പെൻഡിക്സ് നീക്കം ചെയ്തതായും കുടുംബം ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം മണിക്കൂറുകൾക്ക് ശേഷം അതേ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ തിരിച്ചെത്തി. മറ്റൊരു സി.ടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ പ്രശ്നങ്ങൾ കണ്ടെത്തിയെങ്കിലും അത് കംപ്യൂട്ടറിലെ പിശകാണെന്ന് പറ‍ഞ്ഞ് യുവാവിനെ ഡിസ്‍ചാർജ് ചെയ്തുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സ്കാൻ മെഷീനിന്റെ പ്രശ്നം കാരണമാണ് ഇത്തരത്തിൽ കാണിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വീട്ടിലെത്തിയ ശേഷം പിന്നീട് പലതവണ അദ്ദേഹം ആശുപത്രിയിൽ പോവുകയും ഡോക്ടർ തിരിച്ചയക്കുകയും ചെയ്തുവത്രെ. ഒടുവിൽ ഒരു ദിവസം ബാത്ത്റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ക്യൂൻ എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും സ്കാൻ ചെയ്തു. നേരത്തെ ലഭിച്ച സ്കാൻ റിപ്പോർട്ടിന് സമാനമായ റിപ്പോർട്ടാണ് അപ്പോഴും ലഭിച്ചത്. തലച്ചോറിലെ വലതുവശത്തു നിന്ന് പിൻ ഭാഗത്തേക്കും ബ്രെയിൻ സ്റ്റെമിലേക്കും വ്യാപിച്ച വലിയ മുഴയാണ് സ്കാനിൽ കണ്ടത്. സെപ്റ്റംബർ അഞ്ചാം തീയ്യതി ബയോപ്സി നടത്തി. ഫലം വന്നപ്പോൾ വളരെ വേഗം വ്യാപിക്കുന്ന അപകടകാരിയായ മിഡ്‍ലൈൻ ഗ്ലിയോമ എന്ന ക്യാൻസർ.

മൂന്ന് മാസം മാത്രമേ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും രോഗനിർണയം വന്ന് പന്ത്രണ്ടാം ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. ഗുരുതര രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം മുൻനിർത്തി കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ ചികിത്സാ അനുഭവം ഇപ്പോൾ പുറത്തുവിട്ടത്. രോഗലക്ഷണങ്ങൾ അവഗണിക്കാനോ തെറ്റായി രോഗനിർണയം നടത്തപ്പെടാനോ ഇനി ആർക്കും ഇടവരരുതെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അവർ പറയുന്നു.

യുവാവിന്റെ ചികിത്സയ്ക്ക് ധനസമാഹരണത്തിനായി ഓൺലൈനിലൂടെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ഈ പണം അദ്ദേഹത്തിന്റെ മകന് വേണ്ടി ചെലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രോഗനിർണയം പിഴച്ചുവെന്നാരോപിച്ച് കുടുംബം ആശുപത്രിക്കെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ട് പറയുന്നു. സംഭവം പരിശോധിച്ച് വരികയാണെന്ന് ആശുപത്രി വക്താവും എൻഎച്ച്എസ് അധികൃതരും വ്യക്തമാക്കി.

Advertisement