പന്നിയിറച്ചി കഴിക്കും മുമ്പ് ഇസ്ലാമിക പ്രാർഥന ഉരുവിട്ടു, ടിക് ടോക്കിൽ പ്രചരിപ്പിച്ചു; യുവതിക്ക് ജയിലും പിഴയും

ജക്കാർത്ത: പന്നിയിറച്ച് രുചിക്കും മുമ്പ് ഇസ്ലാമിക മന്ത്രം ഉരുവിടുകയും ടിക് ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടുവർഷം തടവും വൻതുക പിഴയും വിധിച്ച് ഇന്തോനേഷ്യൻ കോടതി. വിനോദസഞ്ചാര ദ്വീപായ ബാലി സന്ദർശിക്കുമ്പോഴാണ് യുവതി പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാമിക പ്രാർത്ഥന ഉരുവിട്ടത്. സംഭവത്തിന്റെ വീഡിയോ ടിക് ടോക്കിൽ ഷെയർ ചെയ്തതോടെ മതനിന്ദക്ക് പൊലീസ് കേസെടുത്തു.

സോഷ്യൽ മീഡിയയിൽ ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയെയാണ് ചൊവ്വാഴ്ച സുമാത്ര ദ്വീപിലെ പാലംബാംഗ് ജില്ലാ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിച്ചത്. മത വിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്താൻ ലക്ഷ്യമിട്ടുള്ള വീഡിയോ പ്രചരിപ്പിച്ചതിന് 33 കാരിയായ യുവതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് പുറമേ, 16,245 ഡോളർ (250,000,000 ഇന്തോനേഷ്യൻ രൂപ) പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേർത്തു.

അതേസമയം, ശിക്ഷയിൽ ലിന ഞെട്ടിയെന്ന് അറിയിച്ചു. തനിക്ക് തെറ്റ് പറ്റിയെന്ന് അറിയാം. പക്ഷേ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്ന് അവർ പറഞ്ഞു. മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നും അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമാണ് ഇന്തോനേഷ്യ. ജനസംഖ്യയുടെ 93% മുസ്ലീങ്ങളാണ്. അടുത്ത കാലത്തായി രാജ്യത്ത് മത യാഥാസ്ഥിതികത വർധിച്ചുവരികയാണെന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. മതന്യൂനപക്ഷങ്ങൾക്കും മതരഹിതർക്കും എതിരെ മതനിന്ദ നിയമങ്ങൾ കൂടുതൽ ആയുധമാക്കപ്പെടുന്നുവെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

ഇസ്ലാമിൽ പന്നിയിറച്ചി നിഷിദ്ധമാണ്. മിക്ക ഇന്തോനേഷ്യൻ മുസ്ലീങ്ങൾക്കിടയിലും പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽരാജ്യത്തെ ചൈനീസ് വംശജരും ഹിന്ദു ഭൂരിപക്ഷ ദ്വീപായ ബാലിയിൽ താമസിക്കുന്നവരും ഉൾപ്പെടെ പന്നിയിറച്ചി കഴിക്കുന്നുണ്ട്.

Advertisement