ചെറുപ്പക്കാർക്കിടയിൽ ‘താൽക്കാലിക പങ്കാളി’കളെ തേടുന്നവരുടെ എണ്ണം കൂടുന്നെന്ന് റിപ്പോർട്ട് !

Advertisement

ചൈനയിൽ താൽക്കാലിക പങ്കാളികളെ (Temporary Partners) തേടുന്ന യുവതി യുവാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സങ്കീർണ്ണവും ദീർഘകാലവുമുള്ള ബന്ധങ്ങൾ ഒഴിവാക്കി സഹയാത്രികരായ ആളുകളുമായി ചേർന്ന് താൽക്കാലിക പങ്കാളികളായി ജീവിക്കാൻ ചൈനയിലെ ചെറുപ്പക്കാർ കൂടുതലായി താല്പര്യം പ്രകടിപ്പിക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഈ സവിശേഷമായ സാമൂഹിക ഇടപെടലിന് ലിംഗഭേദവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ താൽക്കാലിക പങ്കാളികൾ എന്ന ആശയത്തോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള പങ്കാളികളെ കണ്ടെത്താൻ ചെറുപ്പക്കാർ കൂടുതലായി ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണെന്നും സൗത്ത്ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം, ഗെയിമിംഗ്, ഫിറ്റ്നസ്, യാത്ര, ചാറ്റിംഗ്, സംഗീതം തുടങ്ങിയ കാര്യങ്ങളിൽ സമാന സ്വഭാവം പങ്കിടുന്ന ആളുകളെയാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ താത്കാലിക പങ്കാളികളായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ പരിചയപ്പെടുന്ന ആളുകളിൽ ഒരുമിച്ചു പോകാൻ താല്പര്യപ്പെടുന്നവർ തങ്ങളുടെ ഇഷ്ടം പങ്കുവെക്കുന്നു. എന്നാൽ, യാതൊരുവിധത്തിലുള്ള കരാറുകളോ നിബന്ധനകളോ സാമൂഹിക കെട്ടുപാടുകളോ ഇവർ തമ്മിൽ ഉണ്ടാകില്ല. എപ്പോൾ വേണമെങ്കിലും ആർക്ക് വേണമെങ്കിലും പരസ്പരമുള്ള ബന്ധത്തിൽ നിന്നും പിന്മാറാം. തമ്മിൽ കാണാതെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ മാത്രം പങ്കാളികളായി കഴിയുന്നവരും കുറവല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ ഏകാന്തതയും ഒറ്റപ്പെടലും വർദ്ധിക്കുന്നതായി കുറച്ച് നാളുകൾക്ക് മുൻപ് ഒരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇപ്പോൾ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഈ താൽക്കാലിക പങ്കാളികളെ തേടൽ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ പലരും കണ്ടെത്തിയ വഴിയായാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇനി നിരീക്ഷണം സത്യമാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ നിരവധി യുവാക്കൾ അഭിപ്രായപ്പെട്ടു. തങ്ങളുടെ ഏകാന്തതയ്ക്കും ഒറ്റപ്പെടലിനുമുള്ള താൽക്കാലിക പരിഹാരം എന്ന നിലയിലാണ് ഇത്തരത്തിൽ പങ്കാളികളെ കണ്ടെത്താനും സ്വതന്ത്രമായി മുന്നോട്ട് പോകാനും ചൈയുടെ യുവ തലമുറ തീരുമാനിച്ചതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

Advertisement