അധിനിവേശ സൂചന; തായ്‌വാനിലേക്ക് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളുംഅയച്ച് ചൈന

തായ്പെയ് സിറ്റി:  തായ്‌വാനെ പ്രതിരോധത്തിലാക്കാൻ വീണ്ടും ചൈന. തായ്‌വാനെ ലക്ഷ്യംവെച്ച് ചൈന നാവികസേന കപ്പലുകളും യുദ്ധവിമാനങ്ങളും ബോംബറുകളും അയച്ചതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. തായ്‌വാന്റെ സൈനികാഭ്യാസം തുടങ്ങുന്നതിന് മുമ്പായാണ് ചൈനയുടെ നീക്കം.

38 യുദ്ധവിമാനങ്ങളും ഒമ്പത് നാവിക കപ്പലുകളും ചൊവ്വാഴ്ച രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ വരെ തായ്‌വാന്‍ ദ്വീപിനെ ചുറ്റി നിലനിന്നു. ബുധനാഴ്ച ജി-10, ജ-16 യുദ്ധവിമാനങ്ങളും തായ്‌വാന് മേലെ ചൈനീസ് ലിബറേഷൻ ആർമി പറത്തുകയും ചെയ്തു.

ഇതിൽ 32 എണ്ണം തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ മറികടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്വീപിനും പ്രധാന ഭൂപ്രദേശത്തിനും ഇടയിലുള്ള ഒരു അനൗദ്യോഗിക അതിർത്തിയാണ് തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ. 23 വിമാനങ്ങൾ കൂടി ഇന്ന് മധ്യരേഖ കടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ മാസാവസാനം സൈനികാഭ്യാസം നടത്താൻ തായ്‌വാന്‍ തീരുമാനിച്ചിരുന്നു. ചൈനയുടെ അധിനിവേശം തടയുന്നതിനെതിരെ യുദ്ധ സന്നദ്ധതാ പരിശീലനങ്ങൾക്കുളളതാണ് ‘ഹാൻ ​ഗുവാങ്’ അഭ്യാസം. പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാധാരണക്കാരെ സജ്ജരാക്കുക, വ്യോമാക്രമണങ്ങൾ ഉണ്ടായാൽ പാലായനം ചെയ്യുന്നതിന് ജനങ്ങളെ ഒരുക്കാനുമുളളതാണ് ‘വാനൻ’ അഭ്യാസം. ഈ രണ്ട് അഭ്യാസങ്ങളും നടത്താനായി തായ്‌വാന്‍ തയ്യാറായിരിക്കവെയാണ് ചൈനയുടെ പ്രതിരോധം.

ഏപ്രിലിൽ യുഎസ് ഹൗസ് കീപ്പർ കെവിൻ മക്കാർത്തിയുമായി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെൻ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ യുദ്ധ ഭീഷണി മുഴക്കി ചൈന തായ്വാന് ചുറ്റും സൈനികാഭ്യസം നടത്തുകയും ചെയ്തു. സ്വയംഭരണാവകാശ മേഖലയായ തായ്‌വാന്‍ ദ്വീപ് തങ്ങളുടേതാണെന്നാണ് നാളുകളായുള്ള ചൈനയുടെ അവകാശവാദം. ഇത് തായ്‌വാന്‍ അംഗീകരിക്കുന്നില്ല. അതേസമയം 2049-ന് മുമ്പ് തായ്‌വാനെയടക്കം ചേര്‍ത്തുകൊണ്ട് ഒറ്റ ചൈനയാക്കുമെന്ന നിലപാടില്‍ മുന്നോട്ടുപോവുകയാണ് ചൈന. ഇതിനായി വേണമെങ്കില്‍ ബലപ്രയോഗം നടത്താന്‍ മടിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു

Advertisement