‘എന്നാലിനി അല്പ നേരം മരിച്ച പോലെ കിടക്കാം’; മരണ സീന്‍ അഭിനയിക്കുന്ന പറക്കും അണ്ണാന്‍റെ വീഡിയോ വൈറല്‍!

മനുഷ്യരുമായി മൃഗങ്ങള്‍ സഹവാസം തുടങ്ങിയിട്ട് നൂറ്റാണ്ടുകളേറെയായെങ്കിലും ഇന്നും മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിക്കുന്നതില്‍ ഇത്തരം വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. വീട്ടില്‍ പൂച്ചയോ, പട്ടിയോ, മറ്റ് പക്ഷികളോ അങ്ങനെ പക്ഷി – മൃഗാദികളെന്തെങ്കിലും വളര്‍ത്തുന്നവര്‍ , അവയുടെ സാമീപ്യം തങ്ങള്‍ക്ക് എന്തുമാത്രം സമാധാനവും ആശ്വാസവും നല്‍കുന്നുണ്ടെന്ന അനുഭവ കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ എഴുതിയിട്ടുണ്ട്.

ചിലര്‍ വളര്‍ത്തുമൃഗങ്ങളുടെ അത്തരം ചില കുസൃതി നിമിഷങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും സാധാരണമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറെ വൈറലായ ഒരു വീഡിയോ ഒരു പറക്കും അണ്ണാന്‍റെതായിരുന്നു. തന്‍റെ വീട്ടുകാരെ പറ്റിക്കാനായി ‘ചത്ത പോലെ കിടക്കുകയും അതില്‍ തന്നെ ഏങ്ങനെയാണ് മരിച്ചതെന്നും ഉറപ്പിക്കുന്ന’ അണ്ണാന്‍റെ കുസൃതി നെറ്റിസണ്‍സിനെ ശരിക്കും രസം പിടിപ്പിച്ചു.

Sarah Bee എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘എന്‍റെ ശ്രദ്ധ നേടാനായി പറക്കും അണ്ണാൻ സ്വന്തം മരണം അഭിനയിച്ചു. ഞാൻ അവനുമായി പ്രണയത്തിലാണെന്ന് തോന്നുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് സാറ കുറിച്ചു. രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളുടെ കുറിപ്പ് രേഖപ്പെടുത്താന്‍ മത്സരിച്ചു. ഒരു കസേരയ്ക്ക് അടിയിലൂടെ നീങ്ങുന്ന അണ്ണാനില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് മേശയ്ക്ക് അടിയിലൂടെ നീങ്ങിയ അണ്ണാന്‍ അവിടെ ചാരി വച്ചിരുന്ന ഒരു ക്ലീനിംഗ് സ്റ്റിക്ക് തട്ടി താഴെയിടുന്നു. എന്നാല്‍ താന്‍ പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ഉടനെ മലര്‍ന്ന് കിടന്ന് ആ വടിയെടുത്ത് തന്‍റെ ആദ്യം തന്‍റെ നെഞ്ചിലൂടെയും പിന്നിട് കഴുത്തിലൂടെയും ഇട്ട് മരിച്ചത് പോലെ കിടക്കുന്നു. കൈകളും കാലുകളും വിരിച്ച് വച്ച് പറക്കുന്ന രൂപത്തിലാണ് അണ്ണാന്‍റെ കിടപ്പ്.

നിരവധി പേരാണ് തങ്ങളെ രസിപ്പിച്ച അണ്ണാനെ അഭിനന്ദിക്കാനെത്തിയത്. “ഈ അക്കാദമി അവാർഡ് ജേതാവ് വളരെ മനോഹരമാണ്,” ഒരാളെഴുതി. “അവൻ ഒരു പറക്കുന്ന അണ്ണാനും അപ്പുറമാണ്. കാരണം അവന് നർമ്മബോധം ഉണ്ടെന്ന് തോന്നുന്നു.’ മറ്റൊരാള്‍ കുറിച്ചു. “ആളുകൾ ഇപ്പോഴും സ്ഥലത്തുണ്ടോയില്ലയോ എന്ന് അദ്ദേഹം പരിശോധിക്കുന്നു, കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്‍റെ സ്ഥാനം ഒന്നിലധികം തവണ ക്രമീകരിച്ച് ഉറപ്പിക്കുന്നു. ” മറ്റൊരാള്‍ എഴുതി.

Advertisement