ആദ്യ പ്രസവം 15 -ാം വയസില്‍, 33-ല്‍ മുത്തശ്ശി; വെളിപ്പെടുത്തലുമായി യുവതി !

Advertisement

15 -ാം വയസില്‍ ആദ്യമായി അമ്മയായെന്നും 33-ാം വയസില്‍ മുത്തശ്ശിയായെന്നും വെളിപ്പെടുത്തി ഒരു ബ്രിട്ടീഷ് യുവതിയാണ് രംഗത്തെത്തിയത്.

വിവാഹ പ്രായം എത്രയാണെന്നുള്ളത് സംബന്ധിച്ച് ഇന്നും പല സമൂഹത്തിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു കാലത്ത് ഹിന്ദു മതത്തില്‍ ബാല വിവാഹം സാര്‍വ്വത്രികമായിരുന്നു. എന്നാല്‍, പിന്നീട് കോളോണിയല്‍ കാലഘട്ടത്തില്‍ സമൂഹത്തില്‍ പുതിയ ചിന്തകള്‍ ഉയര്‍ന്നുവരികയും അതിന്‍റെ ഫലമായി ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വിവാഹ പ്രായം കുറയ്ക്കുന്നത് സംബന്ധിച്ച് ലോകമെങ്ങും ചര്‍ച്ചകള്‍ നടക്കുകയാണ്. കുട്ടികള്‍ക്കിടിയില്‍ വ്യാപകമായ മൊബൈല്‍ ഫോണും അതുവഴി സാമൂഹിക ജീവിതത്തിലും പരസ്പരബന്ധത്തിലും ഉണ്ടായ മാറ്റങ്ങളും ഇത്തരമൊരു തീരുമാനത്തിന് സമൂഹങ്ങളെ പ്രേരിപ്പിക്കുന്നു. ഇതിനിടെയാണ് ഇംഗ്ലണ്ടില്‍ നിന്നും 15 -ാം വയസില്‍ ആദ്യമായി അമ്മയായെന്നും 33-ാം വയസില്‍ മുത്തശ്ശിയായെന്നും വെളിപ്പെടുത്തി ഒരു യുവതി രംഗത്തെത്തിയത്.

ഏറ്റവും പുതിയ ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) കണക്കുകൾ കാണിക്കുന്നത് മുത്തശ്ശിമാരാകാനുള്ള ശരാശരി പ്രായം 63 ആണെന്നാണ്. എന്നാല്‍ ബ്രിട്ടനിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിയായ കെല്ലി ഹീലി തന്‍റെ 30-മത്തെ വയസിലാണ് മുത്തശ്ശിയായത്. കെല്ലി ഹീലിയുടെ ഗണത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തുകയാണ്. അത് 33 -മത്തെ വയസില്‍ മുത്തശ്ശിയായ റൂത്ത് ക്ലോട്ടണ്‍. റിപ്പോര്‍ട്ടുകളനുസരിച്ച് റൂത്ത് തന്‍റെ 15-ാം വയസില്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ മകള്‍ റോസിന് ജന്മം നല്‍കുന്നത്. റൂത്തിന്‍റെ മകള്‍ റോസ്, തന്‍റെ ആദ്യ മകള്‍ കോറയ്ക്ക് ജന്മം നല്‍കിയതിന് പിന്നാലെ റൂത്ത്, തന്‍റെ 33 മാത്തെ വയസില്‍ മുത്തശ്ശിയായി. യുകെയിലെ ലിങ്കണിലെ പരിചാരക ജോലി ചെയ്യുന്ന റൂത്ത്, തന്‍റെ മകളോട് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും വെളിപ്പെടുത്തി. എന്നാല്‍, തന്‍റെ ഗര്‍ഭാവസ്ഥയെ മകള്‍ ഏറെ ഗൗരവമായാണ് കാണുന്നതെന്ന് തിരിച്ചറിഞ്ഞ റൂത്ത്, ഗര്‍ഭകാലത്തുടനീളം മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കി ഒപ്പം നിന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മകളുടെ കാമുകന്‍റെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചിരുന്നെന്നും അവരുടെ കുടുംബം ആശ്ചര്യപ്പെടുത്തുന്ന കുടുംബമാണെന്നും ഒരു അഭിമുഖത്തിനിടെ റൂത്ത് പറഞ്ഞു. മകള്‍ പ്രസവിച്ചപ്പോള്‍ തനിക്ക് സന്തോഷാശ്രുക്കളുണ്ടായെന്നും അവള്‍ ഒരു പോരാളിയെ പോലെയായിരുന്നെന്നും റൂത്ത് കൂട്ടിച്ചേര്‍ത്തു. റോസ് ആശ്ചര്യപ്പെട്ടുത്തുന്ന അമ്മയായി മാറുന്നത് അവള്‍ തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണെന്നും റൂത്ത് കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിനിടെ റോസിനെ താന്‍ ഗര്‍ഭം ധരിക്കുമ്പോള്‍ തനിക്ക് വെറും 14 വയസ് മാത്രമാണ് ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. മകളുടെ ഗര്‍ഭധാരണത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തനിക്ക് ആശങ്കയായിരുന്നു. അതിനാല്‍ ഗര്‍ഭച്ഛിദ്രത്തിന് താന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, പ്രസവിക്കുന്നതില്‍ മകള്‍ ഉറച്ച് നില്‍ക്കുകയും അവള്‍ക്ക് അക്കാര്യങ്ങളില്‍ നല്ല ധാരണയുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ മകളെ പരിചരിക്കുകയും അവള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തെന്നും റൂത്ത് കൂട്ടിച്ചേര്‍ത്തു. തന്‍റെ ആ തീരുമാനം മികച്ച തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നെന്നും അവര്‍ പറഞ്ഞു. റൂത്തിന്‍റെ മകള്‍ റോസ് തന്‍റെ 18 -മത്തെ വയസിലാണ് അമ്മയായത്.

Advertisement