അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ബൈഡനും ഭാര്യയും നൽകിയ സമ്മാനങ്ങൾ ഇതൊക്കെ!

വാഷിങ്ടൺ: അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും പരസ്പരം സമ്മാനങ്ങൾ കൈമാറി. വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലാണ് മൂവരും സമ്മാനങ്ങൾ കൈമാറിയത്. ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രി മോദിക്ക് 20ാം നൂറ്റാണ്ടിൽ നിർമിച്ച അമേരിക്കൻ പുസ്തക ഗാലി സമ്മാനിച്ചു. വിന്റേജ് അമേരിക്കൻ ക്യാമറയും ഒപ്പം ജോർജ്ജ് ഈസ്റ്റ്മാന്റെ ആദ്യത്തെ കൊഡാക് ക്യാമറയുടെ പതിപ്പും അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ് കവർ പുസ്തകവും ബൈഡൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.

ജിൽ ബൈഡൻ പ്രധാനമന്ത്രി മോദിക്ക് റോബർട്ട് ഫ്രോസ്റ്റിന്റെ കവിതകളുടെ ആദ്യ പതിപ്പാണ് സമ്മാനിച്ചത്. ചന്ദനത്തിൽ കൈകൊണ്ട് നിർമിച്ച പെട്ടിയാണ് മോദി ബൈഡന് സമ്മാനമായി നൽകിയത്. 7.5 ക്യാരറ്റ് ഡയമണ്ട് ജിൽ ബൈഡനും നൽകി. ​ഗണപതിയുടെ വെള്ളിയിൽ തീർത്ത ചെറു വി​ഗ്രഹം ഉൾപ്പെടെയാണ് ബൈ‍ഡന് ചന്ദനപ്പെട്ട് സമ്മാനിച്ചത്. നവംബറിൽ 81 വയസ്സ് പൂർത്തിയാകുന്ന ബൈഡന് ദസ് ധനവും മോദി നൽകി. ആയിരം പൂർണ ചന്ദ്രന്മാരെ കാണുന്നവർക്കാണ് ദസ് ധനം നൽകുക.

യുഎന്‍ ആസ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് മോദി വാഷിംഗ്ടണ്‍ ഡിസിയിലെത്തിയത്. ഏറ്റവും അധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോര്‍ഡ് നേട്ടമാണ് ഇത്തവണത്തെ യോഗ ദിനാചരണത്തിന് കൈവന്നത്. 135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തില്‍ പങ്കെടുത്തത്. ഖത്തറില്‍ 2022 ല്‍ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ഇന്ത്യന്‍ എംബസിയുടെ കീഴിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിച്ച ആ യോഗ പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തവണ തിരുത്തിയത്.

Advertisement