ട്വിറ്റർ സിഇഒ പരാഗ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

സാൻഫ്രാൻസിസ്കോ: സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ വാങ്ങിയതിനു പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി യുഎസ് മാധ്യമങ്ങളായ വാഷിങ്ടൻ പോസ്റ്റും സിഎൻബിസിയും റിപ്പോർട്ട് ചെയ്തു.

ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽനിന്നു പിന്നോക്കം പോയ മസ്കിനെ കോടതിയിൽ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിർദേശിച്ചതു പ്രകാരം കരാർ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് മസ്കിന്റെ നടപടികൾ.

ഇന്നലെ ട്വിറ്ററിൽ തന്റെ ബയോ ‘ചീഫ് ട്വിറ്റ്’ എന്ന് മസ്ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. ബുധനാഴ്ച, ഒരു സിങ്കുമായാണ് മസ്ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടുന്നതിനാണ് (സിങ്ക്–ഇൻ) സിങ്കുമായി എത്തിയതെന്ന് വി‍ഡിയോ പങ്കുവച്ച് മസ്ക് പറഞ്ഞു.

Advertisement