ട്വിറ്റർ സിഇഒയ്ക്ക് പൂജ നടത്തി യുവാക്കൾ; വൈറലായി വീഡിയോ

Advertisement

ലോകത്തെ അതിസമ്പന്നനും ടെസ്‍ല, ട്വിറ്റർ, തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്കിനെ പൂജിച്ച് ഒരുകൂട്ടം യുവാക്കൾ. സേവ് ഇന്ത്യ ഫാമിലി ഫൗണ്ടേഷന്റെ (SIFF) കീഴിലുള്ള മെൻസ് ലൈഫ് എന്ന പുരുഷ സംഘടനയുടെ പ്രവർത്തകരാണ് ബെംഗളൂരുവിൽ നടന്ന ചടങ്ങിനിടെ എലോൺ മസ്‌കിനെ പൂജിച്ചത്. ദൈവത്തെപ്പോലെ ഇലോൺ മസ്കിന്റെ ചിത്രം വച്ചാണ് ആരാധന നടത്തിയത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്റർ വാങ്ങിയതിന് ശേഷം അധികാരികളുടെ അടിച്ചമർത്തലിനെതിരെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തങ്ങളെ അനുവദിച്ചതിനാലാണ് തങ്ങൾ എലോൺ മസ്‌കിനെ ആരാധിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ആരാധകർ പറഞ്ഞു. ഓം ട്വിറ്റർ ഈശ്വരായ നമഃ, ഓം എലോൺ മസ്‌കായ നമഃ, ഓം ട്വിറ്റർ ക്ലീനരായ നമഃ തുടങ്ങിയ മന്ത്രങ്ങളും ആരാധകസംഘം ചൊല്ലുന്നുണ്ടായിരുന്നു. മസ്കിന്റെ ചിത്രം സാമ്പ്രാണിത്തിരി കത്തിച്ച് ഉഴിയുന്നതും മന്ത്രങ്ങൾ ചൊല്ലുന്നതും വീഡിയോയിൽ കാണാം.

ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന്റെ കരാർ പൂർത്തിയാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ട്വിറ്റർ ഏറ്റെടുത്തത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ, ബുക്ക്‌മാർക്ക് ബട്ടൺ, നാവിഗേഷൻ മുതലായവ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. പണം നൽകിയാൽ വെരിഫൈഡ് അക്കൗണ്ടുകൾ കിട്ടുമെന്ന പ്രഖ്യാപനം നിരവധി പേർക്ക് തിരിച്ചടിയായി മാറുകയും ചെയ്തു.

ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ വിചിത്രമായ പല മാറ്റങ്ങൾക്കും മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റർ സാക്ഷിയായി. പുതിയ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനും പണമീടാക്കിയുള്ള ബ്ലൂ ടിക് വെരിഫിക്കേഷൻ ബാഡ്ജുമൊക്കെ വിവാദമായി മാറിയിരുന്നു. കഞ്ചാവും അനുബന്ധ ഉല്‍പന്നങ്ങളുടേയും പരസ്യം അനുവദിക്കുന്ന ആദ്യ സമൂഹമാധ്യമ പ്ലാറ്റ്ഫോമായും മാറിയിട്ടുണ്ട് ട്വിറ്റര്‍ ഇപ്പോൾ.

ഇനി മുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ട്വിറ്റർ വഴി അവരുടെ ഉൽപന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാം. നേരത്തെ കഞ്ചാവിൽ നിന്നും നിർമിക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു ട്വിറ്റർ അനുമതി നല്‍കിയിരുന്നത്. കഞ്ചാവ് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉള്ളിടത്തോളം കാലം പരസ്യം അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പക്ഷം.

ട്വിറ്ററിന്റെ എതിരാളികളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ യുഎസ് ഫെഡറൽ നിയമമനുസരിച്ച് കഞ്ചാവുമായി ബന്ധപ്പെട്ട പരസ്യങ്ങളെ അനുവദിക്കുന്നില്ല. അതേസമയം, അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമപരമാണ്. ലൈസൻസുള്ള പ്രദേശങ്ങളിൽ മാത്രമേ പരസ്യപ്പെടുത്താവൂ എന്നും 21 വയസ്സിന് താഴെയുള്ളവരെ ടാർഗെറ്റ് ചെയ്യരുതെന്നും ട്വിറ്റർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

Advertisement