പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയ ബോറിസിനെ പ്രകീർത്തിച്ച് ഋഷി സുനക്

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്നു പിന്മാറിയ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനെ പ്രകീർത്തിച്ച് ഋഷിസുനക് രം​ഗത്ത്. ബ്രെക്സിറ്റ്, കോവിഡ്, റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങി രാജ്യം നേരിട്ട വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ ബ്രിട്ടനെ നയിച്ച വ്യക്തിയാണ് ബോറിസ് ജോൺസനെന്ന് ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു.

‘‘യുക്രെയ്നിനെതിരെയുള്ള റഷ്യയുടെ യുദ്ധത്തിനെതിരെ ശക്തമായ നിലപാടാണ് ബോറിസ് ജോൺസൻ കൈക്കൊണ്ടത്. ഇതിനെല്ലാം നമ്മൾ എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെങ്കിലും രാജ്യത്തിനുള്ളിലും പുറത്തും പൊതുജീവിതത്തിന് അദ്ദേഹത്തിന്റെ സംഭവനകളുണ്ടാകുമെന്ന് സത്യസന്ധമായി പ്രതീക്ഷിക്കുന്നു.’’ – ഋഷി സുനക് ട്വീറ്റ് ചെയ്തു.

നേരത്തെ, ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്നു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പിന്മാറിയിരുന്നു. 100 എംപിമാരുടെ പിന്തുണയുള്ള ആർക്കും സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ഇന്നു ബ്രിട്ടീഷ് സമയം രണ്ട് മണി വരെ സമയമുണ്ടെന്നിരിക്കെയാണ് ബോറിസ് ജോൺസന്റെ പിന്മാറ്റം. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോൺസന് ഉറപ്പാക്കാനായത്.

അതേസമയം, 102 എംപിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാൻ സാധിക്കുമെങ്കിലും പാർട്ടിയിൽ സമ്പൂർണ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ബോറിസ് വിശദീകരിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഋഷി സുനക്, പെനി മോർഡന്റ് എന്നിവരുമായി ധാരണയിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ബോറിസ് ജോൺസന്റെ പിന്മാറ്റമെന്നാണ് സൂചനകൾ.

Advertisement