ഗൊദാർദിന്റേത് വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ

പാരീസ്: വിഖ്യാത ഫ്രഞ്ച് സംവിധായകനും നവതരംഗസിനിമയുടെ അമരക്കാരനുമായ ഴാങ് ലൂക് ഗൊദാർദ് ദയാവധം (അസിസ്റ്റഡ് സൂസൈഡ്) സ്വീകരിക്കുകയായിരുന്നെന്ന് സ്ഥിരീകരണം.

വാർധകൃ സഹജമായ അസുഖം മൂലം ബുദ്ധിമുട്ടു നേരിടുകയായിരുന്ന അദ്ദേഹം വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മരണം വരിക്കുകയായിരുന്നെന്ന് കുടുംബത്തെ ഉദ്ധരിച്ച്‌ എഎഫ്പി റിപ്പോർട്ട് ചെയ്തു.

വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മരണത്തെ വരിക്കുന്നതിന് സ്വിറ്റ്സർലൻഡിൽ അദ്ദേഹം അനുമതി നേടിയിരുന്നതായി ലീഗൽ അഡൈ്വസർ പാട്രിക് ഴാനെററ്റ് എഎഫ്പിയോടു പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള സ്വയംഹത്യ നിയമപരമായ രാജ്യമാണ് സ്വിറ്റ്‌സർലാൻഡ്.

രാഷ്ട്രീയസിനിമകൾക്ക് വേറിട്ട ദിശാബോധം സമ്മാനിച്ച ഗൊദാർദ് ഇന്നലെയാണ്, 91ാം വയസ്സിൽ വിടവാങ്ങിയത്. ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു അദ്ദേഹം. .

ബ്രെത്ത് ലസ്, വീക്കെൻഡ്, ലാ ചീനോയിസ്, കണ്ടംപ്റ്റ്, പ്രീംഹോം കാർമെൻ,മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ.

1930 ഡിസംബർ മൂന്നിന് പാരീസിലെ ധനികമായ പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായാണ് ഗൊദാർദ് ജനിച്ചത്. പിതാവ് റെഡ്‌ക്രോസിൽ ഡോക്ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. ലോകമഹായുദ്ധകാലത്ത് സ്വിറ്റ്‌സർലൻഡിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ഗൊദാർദ് നിയോണിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 1950ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്ത്രത്തിൽ ഉന്നതബിരുദം നേടി.

Advertisement