പൂർണ ചന്ദ്രനെ കാണണോ? ദുബായിലേക്ക് പോന്നോളൂ


ദുബായ്: പൂർണ്ണ ചന്ദ്രന്റെ ആകൃതിയിൽ പടുകൂറ്റൻ റിസോർട്ട് നിർമ്മിക്കാനൊരുങ്ങുകയാണ് കനേഡിയൻ കമ്പനിയായ മൂൺ വൈൾഡ് റിസോർട്ട്.

ഭൂമിയിൽ തന്നെ ഒരു ബഹിരാകാശ വിനോദ സഞ്ചാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോർട്ട് നിർമ്മിക്കുന്നത്.

735 അടി ഉയരത്തിൽ വർഷംതോറും 10 ദശലക്ഷം സന്ദർശകരെ ഉൾപ്പെടുത്താൻ സാധിക്കുന്ന തരത്തിലായിലിക്കും റിസോർട്ട് നിർമ്മിക്കുക. ആഡംബര റിസോർട്ടിന്റെ നിർമ്മാണം 48 മാസത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കനുസരിച്ച്‌ മൂൺ റിസോർട്ട് നിർമ്മിക്കുന്നതിന് 500 കോടി ഡോളർ ചിലവ് വരും. വാർഷിക വരുമാനം 180 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആധുനിക കാലത്തെ ടൂറിസം പദ്ധതിയായിരിക്കും ഇതെന്ന് മൂൺ വേൾഡ് റിസോർട്ട്സിന്റെ സ്ഥാപകരായ സാന്ദ്ര ജി മാത്യൂസും മൈക്കൽ ആർ ഹെൻഡേഴ്‌സണും പറഞ്ഞു. ഇത് ദുബായിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും അതിലൂടെ വാർഷിക ടൂറിസം ഇരട്ടിയാക്കുകയും ചെയ്യും. സ്പാ, വെൽനസ് വിഭാഗം, നിശാക്ലബ്, ഇവന്റ് സെന്റർ, ഗ്ലോബൽ മീറ്റിംഗ് പ്ലേസ്, ലോഞ്ച്, ഇൻ ഹൗസ് ‘മൂൺ ഷട്ടിൽ’ എന്നിവയും സന്ദർശകർക്കായി ഒരുക്കുന്നുണ്ട്. വിവിധ ബഹിരാകാശ ഏജൻസികൾക്കും ബഹിരാകാശ സഞ്ചാരികൾക്കുമായി പരിശീലന പ്ലാറ്റ്ഫോമും ഒരുക്കും.

ചന്ദ്രനിലെ സ്വകാര്യ വസതി എന്നറിയപ്പെടുന്നു സ്‌കൈ വില്ലകളും ഇവിടെ ഒരുക്കും. കമ്പനി ലൈസൻസുകൾ വാങ്ങിയ ശേഷം, ഒരു വർഷത്തെ പ്രീ-ഡെവലപ്മെന്റ് പ്രോഗ്രാമിലേക്കും തുടർന്ന് നാല് വർഷത്തെ ബിൽഡ്-ഔട്ട് പ്രോഗ്രാമിലേക്കും പ്രവേശിക്കും.

Advertisement