ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ, പുതിയ പ്രസിഡന്റിനുള്ള കത്തിലാണ് മോദിയുടെ വാഗ്ദാനം


ന്യൂഡല്‍ഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു. ശ്രീലങ്കന്‍ ജനതയ്ക്ക് പരിപൂര്‍ണ പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കി.

രാജ്യത്തിന്റെ എട്ടാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട താങ്കള്‍ക്ക് അഭിനന്ദനം അറിയിക്കുന്നു. രാജ്യത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് അങ്ങ് അധികാരമേല്‍ക്കുന്നത്. താങ്കളുടെ ഭരണകാലം രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ പൗരന്‍മാരുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ അങ്ങേയ്ക്ക് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ പ്രസിഡന്റിന് അയച്ച കത്തില്‍ മോദി ചൂണ്ടിക്കാട്ടി.

സാമ്പത്തിക പുനരുദ്ധാരണത്തിന് ഇന്ത്യയുടെ പൂര്‍ണ സഹായമുണ്ടാകുമെന്നും കത്തില്‍ പ്രധാന മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യ സംവിധാനം പുലരാനും ഇന്ത്യയുടെ കൈത്താങ്ങ് ഉണ്ടാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement