ശബരിമല: ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിനായി ദേവസ്വം ബോർഡ് ക്ഷണിച്ച ഓപ്പൺ ടെൻഡറിൽ പങ്കെടുക്കാതെ മിൽമ. കഴിഞ്ഞ തീർഥാടനകാലത്ത് നെയ്യ് വിതരണത്തിനായി ടെൻഡർ നേടിയ മിൽമയുടെ പേരിൽ വ്യാജ നെയ്യ് ശബരിമലയിൽ എത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ മിൽമ ടെൻഡറിൽനിന്ന് വിട്ടുനിന്നതെന്നാണ് വിവരം. നെയ്യ് വിതരണത്തിനായി മൂന്ന് പേർ ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ അടുത്ത ദിവസം അന്തിമമാക്കും.
മിൽമ നെയ്യുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതോടെ ഇത്തവണ ശബരിമലയിലേക്ക് നെയ്യ് വിതരണത്തിന് ടെൻഡർ വിളിക്കില്ലെന്നും തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അപ്പവും അരവണയും നിർമിക്കുമെന്നുമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാട്. എന്നാൽ, തീർഥാടകർ എത്തിക്കുന്ന നെയ്യ് ആവശ്യത്തിന് തികയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ടെൻഡർ ക്ഷണിക്കാൻ ദേവസ്വം ബോർഡ് ഭരണസമിതി തീരുമാനിച്ചത്.




























