27.8 C
Kollam
Friday 23rd October, 2026 | 10:02:56 PM
Home News Breaking News ബിഹാറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; നാലുപേർ മരിച്ചു

ബിഹാറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; നാലുപേർ മരിച്ചു

ബിഹാറിലെ സിവാനിൽ പടക്കനിർമാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. മൂന്നുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഇടയ്ക്കിടെയുണ്ടാകുന്ന സ്ഫോടനങ്ങൾ തടസ്സമാകുന്നുണ്ട്.

മുഹമ്മദ് അമിറുദ്ദീൻ മിയാന്റെ വീടിനോടു ചേർന്നുള്ള പടക്കനിർമാണ യൂണിറ്റിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ മുൻഭാഗം തകർന്നു. അവശിഷ്ടങ്ങൾ റോഡിലേക്ക് പതിച്ചു.

അപകടസമയത്ത് കുടുംബത്തിലെ ഏഴുപേർ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഗ്രാമത്തലവൻ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.

അഗ്നിരക്ഷാസേനയും പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. ഫോറൻസിക് സംഘം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കും. കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യതയുള്ളതിനാൽ അപകടസ്ഥലത്തുനിന്ന് 200 മീറ്റർ അകലെ നിൽക്കാൻ പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകി.

പടക്കനിർമാണത്തിനും സംഭരണത്തിനും ലൈസൻസുണ്ടായിരുന്നോ, സുരക്ഷാനിയമങ്ങൾ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും. കുടുംബത്തിന് പഴയ ലൈസൻസ് ഉണ്ടായിരുന്നുവെന്നും 20 വർഷത്തോളമായി പടക്കവ്യാപാരം നടത്തിവരികയാണെന്നും നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here