28.1 C
Kollam
Wednesday 21st October, 2026 | 03:41:01 PM
Home News Breaking News എസ്‌ബിഐയിൽ വൻ സുരക്ഷാ വീഴ്ച; 3.75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

എസ്‌ബിഐയിൽ വൻ സുരക്ഷാ വീഴ്ച; 3.75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായാണ് കണ്ടെത്തൽ. ആകെ 3.75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ഇതിൽ 3,897 പേരെ നേരിട്ട് തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള അതീവ രഹസ്യ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഉപഭോക്താക്കളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, മേൽവിലാസം, ഇ-മെയിൽ വിലാസം തുടങ്ങിയ നിർണായക വിവരങ്ങളാണ് ചോർന്നത്. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ആശങ്കയുയർത്തുന്നുണ്ട്.
ഡിഫൻസ് സൈബർ ഏജൻസിയും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും (CERT-In) നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് വിവരച്ചോർച്ച പുറത്തുവന്നത്. ഒക്ടോബർ 16-നാണ് ഏജൻസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പ് എസ്‌ബിഐക്ക് കൈമാറിയത്. തുടർന്ന് സംഭവം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) അറിയിച്ചതായും റിപ്പോർട്ടുണ്ട്.
വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here