Home News Breaking News സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിടുമോ…?

സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിടുമോ…?

മുംബൈ: തന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവ് വിട്ടേക്കുമെന്ന് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റഗ്രാമില്‍ മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ടീമിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയേയും നിലവില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തി. ഇതോടെയാണ് ട്രാന്‍സ്ഫറോ ടീം മാറ്റമോ സംബന്ധിച്ച അഭ്യൂഹം ശക്തമായത്. മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട്, രോഹിത് ശര്‍മക്കും എം.എസ്. ധോണിക്കുമൊപ്പമുള്ള ചിത്രം മാത്രമാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച സജീവമാകുന്നത്.

Also Read:


ഇത്തവണ ഐപിഎല്‍ സീസണ്‍ സൂര്യകുമാറിന് അത്ര മികച്ചതായിരുന്നില്ല. 20.77 ശരാശരിയില്‍ 270 റണ്‍സാണ് താരം നേടിയത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്കായി സൂര്യ രണ്ട് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് സീസണില്‍ സ്വന്തമാക്കിയത്. അതേസമയം, സൂര്യകുമാര്‍ യാദവോ മുംബൈ ഇന്ത്യന്‍സോ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ടീമിനായി നിരവധി നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ച താരം മൂന്ന് ഐപിഎല്‍ കിരീട വിജയങ്ങളിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.