ഇനി അഞ്ചുദിനങ്ങളില്‍ കലാപ്രതിഭകളുടെ പകര്‍ന്നാട്ടത്തിന് ദേശിംഗനാട് സാക്ഷിയാകും…

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയുയരും. ഇനിയുള്ള അഞ്ചുദിനങ്ങളില്‍ കലാപ്രതിഭകളുടെ പകര്‍ന്നാട്ടത്തിന് ദേശിംഗനാട് സാക്ഷിയാകും. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍, പി.എ. മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.
പതിനാലായിരത്തോളം മത്സരാര്‍ഥികളും അവരുടെ എസ്‌കോര്‍ട്ടിങ് അധ്യാപകരും രക്ഷിതാക്കളുമടക്കം ഇരുപതിനായിരത്തില്‍ അധികം പേര്‍ കലോത്സവത്തിനായി എത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇതിനു പുറമെ മറ്റു ജില്ലകളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കാണികളെയും കൊല്ലം നിവാസികളും കലോത്സവത്തിന്റെ ഭാഗമാകും.

*വേദികള്‍ സജ്ജം…*
കലോത്സവത്തിനായി നിര്‍മ്മിച്ച സ്റ്റേജിന്റെയും പന്തലിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ച് സംഘാടകര്‍ക്ക് കൈമാറിക്കഴിഞ്ഞു. എല്ലാ വേദികളും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. മീഡിയാ പവലിയനുകളും വിവിധ തരം സ്റ്റാളുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അറുപതിനായിരം സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ളതാണ് ആശ്രാമം മൈതാനിയിലെ പ്രധാന വേദി. പതിനായിരത്തിലധികം കസേരകളെ ഇവിടെ ഉള്‍ക്കൊള്ളിക്കാനാകും.
ഠൗണ്‍ യുപിഎസിലാണ് രജിസ്‌ട്രേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്ക് വേണ്ടിയുള്ള റൂമുകള്‍ സജ്ജമാക്കിക്കഴിഞ്ഞു. ഇവരെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് അധ്യാപകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പതാക ഉയര്‍ത്തുന്ന സ്ഥലത്ത് സ്ഥാപിക്കാനുള്ള ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു.

ഉദ്ഘാടനത്തിന് കലാവിരുന്ന്…
ഇന്ന് രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. അതിനുശേഷം ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് ഉണ്ടാകും. കാസര്‍ഗോഡ് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗേള്‍സ് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന ഗോത്ര വര്‍ഗ കലയായ മംഗലം കളി കലോത്സവത്തില്‍ അവതരിപ്പിക്കും.
കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രവര്‍ഗ കല കലോത്സവത്തിന്റെ ഭാഗമാകുന്നത്. സ്വാഗതഗാന നൃത്താവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത് ചലച്ചിത്രതാരവും നര്‍ത്തകിയുമായി ആശാ ശരത്താണ്. മത്സരങ്ങളുടെ പോയിന്റ് നിലയും റിസള്‍ട്ടും തത്സമയം അറിയാന്‍ ഡിജിറ്റല്‍ പ്രോഗ്രാം സ്‌കോര്‍ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.

മത്സരിക്കുന്ന എല്ലാവര്‍ക്കും മൊമന്റോ….
കലോത്സവത്തെ വര്‍ണാഭമാക്കിക്കൊണ്ട് മത്സരിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മെമൊന്റോ നല്‍കും. ഓവറോള്‍ ട്രോഫികള്‍ എല്ലാ പുതിയത് നല്‍കുകയും റോളിംഗ് അല്ലാത്തവ സ്‌കൂളുകള്‍ക്കും ജില്ലകള്‍ക്കും സ്വന്തമാക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം…
പതിനാല് സ്‌കൂളുകളിലായി രണ്ടായിരത്തി നാന്നൂറ്റി എഴുപത്തിയഞ്ച് (2475) ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത് (2250) പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കലോത്സവ വണ്ടികള്‍…
മത്സരാര്‍ഥികള്‍ക്ക് എസ്‌കോര്‍ട്ടിംഗ് ടീച്ചേഴ്‌സിനും സ്‌കൂള്‍ ബസ്സുകളുടെ സഹായത്തോടെ ഇരുപത്തിയാറ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഠൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ നാളെ മുതല്‍ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തും.
ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെഎസ്ആര്‍ടിസിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിന് ഈ വാഹനം ഉപയോഗിക്കാം.

ക്യൂ.ആര്‍.കോഡ്…ഹെല്‍പ്പ് ലൈന്‍ നമ്പര്‍
വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരും പോലീസ് സജ്ജമാക്കിയിട്ടുണ്ട്. 112, 9497930804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. േ
വദികളിലും അനുബന്ധ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സിസിടിവി സംവിധാനം ഒരുക്കിയിട്ടുണ്ട്.

ചലച്ചിത്ര താരങ്ങളും..
നടന്‍ പത്മശ്രീ മമ്മൂട്ടി സമാപന സമ്മേളനത്തിലും ചലച്ചിത്ര താരം നിഖിലാ വിമല്‍ ഉദ്ഘാടന സമ്മേളനത്തിലും മുഖ്യാതിഥികളായി പങ്കെടുക്കും.

ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് സ്വിച്ച് ഓണ്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ എം.മുകേഷ് എംഎല്‍എ അധ്യക്ഷനായി.

രജിസ്‌ട്രേഷന്‍ തുടങ്ങി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സര്‍ക്കാര്‍ ടൗണ്‍ യുപി എസില്‍ ജില്ലാ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍  ശ്രീഹരിയ്ക്ക് പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡുകള്‍ അടങ്ങിയ ഫയല്‍ കൈമാറി തുടക്കംകുറിച്ചു. രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷനായി.

Advertisement