പെൺകുട്ടിയോട് ഇഷ്ടം.. അതിന് ആദ്യം വേണ്ടത് യുവതിയുടെ കുടുംബത്തിന്റെ മുന്നിൽ ഇഷ്ടം നേടുക… എന്നാൽ ഒടുവിൽ സംഭവിച്ചത് ചക്കിന് വച്ചത് കൊക്കിന് കൊണ്ടു… ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം കളിച്ച യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റിലായി. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ടുനിര്‍ത്താതെ പോയ കാര്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24), രണ്ടാം പ്രതി കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു.
ഡിസംബര്‍ 23നു വൈകീട്ട് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍വച്ച് അജാസ് കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെ പോയി. ഉടന്‍ മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ രഞ്ജിത് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചു. താന്‍ യുവതിയുടെ ഭര്‍ത്താവാണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
കൃത്യസമയത്ത് രഞ്ജിത് സ്ഥലത്തെത്തിയതില്‍ പൊലീസിനു സംശയം തോന്നിയിരുന്നു. കാര്‍ ഓടിച്ചയാളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. അപകടത്തില്‍ യുവതിയുടെ വലതു കൈക്കുഴ തെറ്റുകയും ചെറുവിരലിനു പൊട്ടലുണ്ടാകുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെൺകുട്ടിയോട് ഇഷ്ടം.. അതിന് ആദ്യം വേണ്ടത് യുവതിയുടെ കുടുംബത്തിന്റെ മുന്നിൽ ഇഷ്ടം നേടുക… എന്നാൽ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു…വാഹനാപകട നാടകം കളിച്ച യുവാവും സുഹൃത്തും പിടിയിൽ
കെഎസ്ആർടിസി ബസ് യുവതിയുടെ കാലിൽ കയറിയിറങ്ങി
തിരുവനന്തപുരം. കെഎസ്ആർടിസി ബസ് യുവതിയുടെ കാലിൽ കയറിയിറങ്ങി
കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
കഴക്കൂട്ടം സ്വദേശിനെയും ടെക്നോപാർക്ക് ജീവനക്കാരിയുമായ സന്ധ്യയ്ക്കാണ് പരിക്കേറ്റത്
ടെക്നോപാർക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്
യുവതിയുടെ കാലിൽ കൂടി കെഎസ്ആർടിസി ബസ് കയറിയിറങ്ങി
കാലിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി
ബീവറേജിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട്: കക്കോടി ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച ചേളന്നൂർ തേനാടത്ത് പറമ്പിൽ വിജീഷ്(38 ) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
05.01.2026 തിയ്യതി വൈകുന്നേരം പ്രതി കക്കോടിയിലുള്ള ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ചേവായൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇതിനു മുൻപും ബീവറേജിൽ നിന്നും മദ്യം മോഷണം നടത്തിയിട്ടുണ്ടെന്നും, സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽ ആയത് വ്യക്തമാവുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശില്‍പ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ വാദം.
അതിനിടെ പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വ്യക്തമാക്കുന്നു.
സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്.
പ്രസവം കഴിഞ്ഞുപോയ യുവതിയുടെ ശരീരത്തിൽ നിന്ന് രണ്ടര മാസത്തിനു ശേഷം തുണിക്കഷണം പുറത്ത്, നമ്പർ വൺ കേരളം
വയനാട്. മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞുപോയ യുവതിയുടെ ശരീരത്തിൽ നിന്ന് ലഭിച്ചത് തുണികഷണം. രണ്ടര മാസത്തിനു ശേഷമാണ് തുണി കഷ്ണം പുറത്തുവന്നത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ഗൈനക്കോളജി ഡിപ്പാർട്ട്മെൻറ് ഡോക്ടറെക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തുവന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു
കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ചത്. വീട്ടിലേക്ക് മടങ്ങിയപ്പോൾ അസഹനീയമായ വേദനയുണ്ടായി എന്നാണ് യുവതി പറയുന്നത്. ദുർഗന്ധവും അനുഭവപ്പെട്ടു.വേദനയെത്തുടർന്ന് യുവതി വീണ്ടും ആശുപത്രിയിലേക്ക് എത്തി. സ്കാനിങ്ങിനോ തുടർനടപടികൾക്കോ ഡോക്ടർ തയ്യാറായില്ല എന്നാണ് പരാതി. രണ്ടര മാസത്തിനു ശേഷം തുണി പുറത്തുവന്നതോടെയാണ് ചികിത്സാ പിഴവ് വ്യക്തമായത്
ഡോക്ടറുടെ അനാസ്ഥയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. മന്ത്രി ഒ ആർ കേളു ഉൾപ്പെടെ ഉള്ളവർക്കാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി. ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഇന്നലെ ഹർജി നൽകി. തന്നെ കുടി കേട്ട ശേഷം മാത്രമേ രാഹുൽ മാങ്കുട്ടത്തിലിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ തീരുമാനമെടുക്കാവൂ എന്നാണ് അതിജീവിതയുടെ ആവശ്യം.
വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി.
വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകള്‍ക്ക് പ്രവാസികൾ കണ്ണീരോടെ വിട നൽകി
അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകള്‍ക്ക് പ്രവാസലോകം കണ്ണീരോടെ വിടചൊല്ലി.
മലപ്പുറം തിരൂർ സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അസ്സാം (8), അയാഷ് (5) എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം ദുബൈ ഖിസൈസിലെ സോനാപൂർ ഖബർസ്ഥാനില്‍ ഖബറടക്കി. അടുത്തടുത്ത ഖബറുകളിലായാണ് നാലുപേർക്കും അന്ത്യവിശ്രമമൊരുക്കിയത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവ് അബ്ദുല്‍ ലത്തീഫ് വീല്‍ചെയറില്‍ മക്കളുടെ ഖബറടക്ക ചടങ്ങുകള്‍ക്കെത്തിയത് കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. അപകടത്തില്‍ പരിക്കേറ്റ മകള്‍ ഇസ്സയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മരിച്ച കുട്ടികള്‍ പഠിച്ചിരുന്ന ദുബൈ അറബ് യൂണിറ്റി സ്കൂളില്‍ തിങ്കളാഴ്ച സ്കൂള്‍ തുറന്ന വേളയില്‍ എത്തിയ വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ഈ വിയോഗം വലിയ ആഘാതമായി. പ്രിൻസിപ്പല്‍ മാർക്ക് പോലിറ്റ് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേർന്നു.
അപകടത്തില്‍ മരിച്ച വീട്ടുജോലിക്കാരി ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ഖബറടക്കി. ശനിയാഴ്ച പുലർച്ചെ ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
കൊല്ലത്ത് തോല്‍ക്കാന്‍ കാരണം മേയര്‍ സ്ഥാനാര്‍ഥിയെന്ന് വിമര്‍ശനം; വി.കെ. അനിരുദ്ധന്‍ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി… നാടകീയ രംഗങ്ങൾ
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. മേയർ സ്ഥാനാർഥിയായിരുന്ന വി.കെ. അനിരുദ്ധൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. മേയര്‍ സ്ഥാനാര്‍ഥി പൊതുസമ്മതനല്ലെന്ന് വിമര്‍ശനമുയര്‍ന്നതോടെ യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോവുക യായിരുന്നു. പാര്‍ട്ടിയാണ് തനിക്ക് എല്ലാമെന്ന് അദ്ദേഹം പറഞ്ഞു. എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു നാടകീയരംഗങ്ങൾ അരങ്ങേറിയത്.
കൊല്ലം കോര്‍പ്പറേഷനില്‍ പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച റിവ്യൂ റിപ്പോർട്ട്. ഉയർത്തിക്കാട്ടപ്പെട്ടവർ സ്വീകാര്യനുമായിരുന്നില്ല. പാര്‍ട്ടി ജയിക്കുമെന്ന് കണ്ട് നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാനിറങ്ങി. സ്ഥാനാർഥി നിര്‍ണയത്തിലെ പോരായ്മയും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
റിപ്പോർട്ടിന്മേല്‍ ചർച്ച തുടങ്ങിയപ്പോഴാണ് വൈകാരികമായി സംസാരിച്ച ശേഷം ഇറങ്ങിപ്പോയത്. ഞാൻ തീർത്തും ജനപ്രിയനല്ലാത്ത ആളാണോ എന്നായിരുന്നു അനിരുദ്ധന്റെ ചോദ്യം. നാടകവും, സാമ്പശിവന്‍റെ കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മില്‍ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി.കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ മറുപടി നൽകി. റിവ്യൂ റിപ്പോർട്ടിലെ പരാമർശങ്ങൾ തനിക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ ആകാന്‍ യോഗ്യനല്ലെന്ന് എം.വി ഗോവിന്ദൻ കണ്ടെത്തിയ സ്ഥിതിക്ക് സജീവ രാഷ്ട്രീയത്തില്‍ ഇനിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നാലെയാണ് അദ്ദേഹം ഇറങ്ങിപ്പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ ബാലഗോപാൽ, പുത്തലത്തു ദിനേശൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.





































