Home Blog Page 436

മയക്കുമരുന്ന് വില്‍പ്പന കേസിലെ പ്രതിയെ പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

കൊല്ലം: പിറ്റ് എന്‍ഡിപിഎസ് നിയമത്തിലെ നിരോധിത മയക്ക് മരുന്ന് കടത്തല്‍ തടയല്‍ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. പാരിപ്പിള്ളി തെറ്റിക്കുഴി, ആശാരിവിള വീട്ടില്‍ ഗോകുല്‍(33)നെ ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിനായി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്.
ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും, വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്‍ തടങ്കലില്‍ വെച്ച് അവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആണ്
പിറ്റ് എന്‍ഡിപിഎസ് നിയമം നടപ്പിലക്കിയിരിക്കുന്നത്. മാരക ലഹരി മരുന്നായ എംഡിഎംഎ ചില്ലറ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയതുള്‍പ്പെടെ 2023 മുതല്‍ രജിസ്റ്റര്‍ ചെയ്ത പത്ത് എന്‍ഡിപിഎസ് കേസുകളില്‍ ഗോകുല്‍ പ്രതിയാണ്.

പോരുവഴി ഇടയ്ക്കാട്ടിലെ ആമസോൺ ഔട്ട്ലെറ്റിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്ന കേസില്‍ ട്വിസ്റ്റ്, കുന്നത്തൂർ സ്വദേശി മാനേജരെ തൂക്കി

ചന്ദ്രു

ശാസ്‌താംകോട്ട:പോരുവഴി ഇടയ്ക്കാട്ടിലെ ആമസോൺ ഔട്ട്ലെറ്റിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്ന കേസിൽ മാനേജർ കുന്നത്തൂർ സ്വദേശിയായ ചന്ദ്രു അറസ്റ്റിൽ.മോഷണം കൗമാരക്കാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച ഇയ്യാളെ കേന്ദ്രീകരിച്ച് ശൂരനാട് പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.ഷട്ടർ താക്കോൽ ഉപയോഗിച്ച് തുറന്നു മോഷണം നടത്തിയതാണെന്ന് പ്രാഥമിക പരിശോധനയിൽ പോലീസിന് ബോധ്യപ്പെട്ടിരുന്നു.

ജീവനക്കാർ ആരെങ്കിലുമാകാം മോഷണം നടത്തിയത് എന്ന നിഗമനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ജീവനക്കാരെ മുഴുവൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.ഇതിനിടയിൽ സ്ഥാപനത്തിൽ അവസാനം വന്നുപോയ ജീവനക്കാരെ കുടുക്കുന്ന തരത്തിൽ മാനേജർ മൊഴി നൽകി.എന്നാൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച് ശൂരനാട് സിഐയുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിൽ മാനേജർ കുടുങ്ങുകയായിരുന്നു.തുടർന്നാണ് ഇയ്യാളെ കസ്റ്റഡിയിലെടുത്തത്.

മൈനാഗപ്പള്ളിയില്‍ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ സാക്ഷ്യപത്രം ഹാജരാക്കണം

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളിൽ നാളിതുവരെ വരുമാന സർട്ടിഫിക്കറ്റും പുനർ വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രവും
ഹാജരാക്കാത്തവർ 15/07/2026 തിയതിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ പെൻഷൻ മുടങ്ങുന്നതാണ്. നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്തിതാക്കളിൽ ഫോൺ നമ്പർ പെൻഷൻ സൈറ്റിൽ ചേർക്കാത്തവർ ആധാറുമായി പഞ്ചായത്ത് ഓഫീസിൽ വന്ന് ഫോൺ നമ്പർ ഉൾപ്പെടുത്തേണ്ടതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു.

ശാസ്താംകോട്ട വേങ്ങ കണ്ടോലിവടക്കതില്‍ ബാലകൃഷ്ണപിള്ള നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ കണ്ടോലിവടക്കതില്‍ ബാലകൃഷ്ണപിള്ള(92)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് ഒന്നിന്. ഭാര്യ. വിജയമ്മയമ്മ. മക്കള്‍. സുരേഷ്‌കുമാര്‍,അനില്‍കുമാര്‍, അജിത്കുമാര്‍. മരുമക്കള്‍. ഗീതാകുമാരി,പ്രിയ, സേതുലക്ഷ്മി
സഞ്ചയനം 16ന് രാവിലെ

കരുനാഗപ്പള്ളിയില്‍ ഗ്രന്ഥശാലകൾ ഡിജിറ്റലാകുന്നു

കാലഘട്ടത്തിൻ്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ഗ്രന്ഥശാലകൾ ആധുനികവൽക്കരണത്തിൻ്റെ പാതയിലേക്ക് കടക്കുന്നു. കരുനാഗപ്പള്ളി. താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള അംഗ ഗ്രന്ഥശാലകളിലെ മുഴുവൻ പുസ്‌തകങ്ങളുടേയും അംഗങ്ങളുടേയും വിവരങ്ങൾ പബ്ലിക്ക് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ആധുനിക സാങ്കേതികവിദ്യകൾ ഗ്രന്ഥശാല പ്രവർത്തനത്തിന് ഉപയുക്തമാക്കി, യുവതയേയും വിദ്യാർത്ഥികളേയും ഗ്രന്‌ഥശാലകളിലേക്ക് അടുപ്പിക്കുകയും അവരുടെ അറിവിടങ്ങളാക്കി ഗ്രന്ഥശാലകളെ മാറ്റുകയും ചെയ്യുകയാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ വഴി ലക്ഷ്യമിടുന്നത്. ജൂലൈ 31 ന് കരുനാഗപ്പള്ളി താലൂക്ക് സമ്പൂർണ ഡിജിറ്റൽ ലൈബ്രറി താലൂക്കായി പ്രഖ്യാപിക്കും.

ഇതിനു മുന്നോടിയായി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലെയും ലൈബ്രേറിയന്മാർക്കും പബ്ലിക്ക് സോഫ്‌റ്റ് വയർ പരിശീലനം നൽകി. കരുനാഗപ്പള്ളി IHRD എൻജിനീയറിംഗ് കോളേജിൻ്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി നടത്തിയത്. ജില്ലാ എക്സി അംഗം വി.പി. ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് കടത്തൂർ മൻസൂർ, എക്സി അംഗം സുരേഷ് വെട്ടുകാട് , IHRD ഇൻസ്ട്രക്റ്റർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പി. ദീപു , സജീവ് കുമാർ, മഞ്ജു ജഹാംഗീർ, മായ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റ്, ആചാര്യ സംഗമം നടത്തി

മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഭാഗമായി കഥകളി ആചാര്യന്മാരായ സദനം കൃഷ്ണൻ കുട്ടി, കലാമണ്ഡലം സുരേന്ദ്രൻ, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രൻ എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. പി. വേണുഗോപാൽ സമ്മേളനം ഉത്ഘാടനം ചെയ്തു.
ശ്രീശൈലം ശിവൻപിള്ള അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങൾ ആയ സിജു കോശി വൈദ്യൻ, ജെ. റഹിയാനത്ത്, അമൃത രതീശൻ,ഉണ്ണി ഇലവിനാൽ,അർച്ചന മോഹനൻ പിള്ള, റ്റി.സുരേന്ദ്രൻ പിള്ള, വി.രാജീവ്‌ എന്നിവർ സംസാരിച്ചു.

ശാസ്ത്രീയത കഥകളിയിൽ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം വി.പി. ലീലാകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു.ആർ.എൽ.വി.രാധാകൃഷ്ണൻ വിഷയാവതരണം നടത്തി.
ഡാൻസർ ആനന്ദ്,വി. ആർ. സനിൽ ചന്ദ്രൻ,
ഡി.ഗുരുദാസൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സാഹിത്യവിചാരം മധു വാരണാസി അവതരിപ്പിച്ചു.
പ്രസിഡന്റ്‌ രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള, പ്രസാദ് മണ്ണൂർക്കാവ്,സുരേഷ് മദനവിലാസം, കലാമണ്ഡലം പ്രശാന്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അത്തത്തിന് ഒരു മുറം പൂവും പച്ചക്കറിയും;പഠനത്തോടൊപ്പം കൃഷിയും

ഓടനാവട്ടം:ചെപ്ര ഗവൺമെൻ്റ് എൽ പി സ്കൂളിൽ കൃഷിവകുപ്പിൻ്റെ സഹകരണത്തോടെ ചെണ്ട് മല്ലി കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു.ചെപ്ര വാർഡ് മെമ്പർ ഹരിലാൽ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ് മാസ്റ്റർ ബി.എസ് ശാന്തകുമാർ,പിടിഎ പ്രസിഡൻ്റ് അനിൽകുമാർ,മുട്ടറ ഉദയഭാനു,അധ്യാപകരായ അനില,മഞ്ചു,പ്രിയ, ആര്യ,ദീപ എന്നിവർ സംസാരിച്ചു.സ്കൂൾ അങ്കണത്തിൽ ഒരുക്കിയ കൃഷിത്തോട്ടം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറിയിട്ടുണ്ട്.

കൃഷിയിലൂടെ കുട്ടികൾക്ക് പ്രകൃതിയോടുള്ള സ്നേഹവും കൃഷിയുടെ പ്രാധാന്യവും മനസ്സിലാക്കാൻ കഴിഞ്ഞതായും പഠനവും കൃഷിയും ഒരുപോലെ കൊണ്ടുപോകുന്നതിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും ഉത്തരവാദിത്തവും വളരുന്നതായും അധ്യാപകർ പറഞ്ഞു.

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയുടെ വ്യാജ ആരോപണത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. എസ്ഐ ജയ്മോനെ സ്ഥലംമാറ്റി. സിഐക്കെതിരായ നടപടി ഡിഐജി തീരുമാനിക്കും. കോന്നി സിഐയാണ് കൂടല്‍ സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.
കേസില്‍ ഹൃദ്രോഗിയായ 20 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അടക്കം ആറോളം പേരെയാണ് കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന പാട്ടം സ്വദേശിയായ ഹൃദ്രോഗിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്വാര്‍ട്ടേഴ്സിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.

ബൂട്ട് കൊണ്ട് ചവിട്ടി കറക്കിയെന്നും, ചെവിയിലും തലമുടിയിലും പിടിച്ചുവലിച്ച് മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു. ഹൃദ്രാഗിയാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി തല്ലിച്ചതച്ചെന്നും കൂടല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പൊലീസ് ഉപദ്രവിച്ചതായി കാണിച്ച് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളും ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടല്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിരുന്നു.
ഈ മാസം ആറാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പതിമൂന്നുകാരി പരാതിപ്പെട്ടതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി ചെറുപ്പക്കാരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രണയ നൈരാശ്യത്തില്‍ പെണ്‍കുട്ടി കെട്ടിച്ചമച്ച കള്ളക്കഥയാണ് പീഡനപരാതിയെന്ന് തെളിഞ്ഞു.

കള്ളാടി ദുരന്തത്തില്‍ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി. സര്‍വേയറായ ഉത്തരപ്രദേശ് പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടേതാണ് മൃതദേഹം. ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുവരുടെ മൃതദേഹങ്ങളാണ് രാവിലെ ലഭിച്ചത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച് ചെയ്യുന്നത്. മീനാക്ഷി പുഴയുടെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചിട്ടുള്ളത്. പുഴയിലും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിഎന്‍എ ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് ഡോക്ടേഴ്‌സാണെന്നും മന്ത്രി പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം മാത്രം മതിയോ, തിരിച്ചറിയാന്‍ പ്രയാസമുണ്ടോ എന്നെല്ലാം പരിശോധിച്ചു മാത്രമേ തീരുമാനിക്കാനാകൂ. തിരിച്ചറിയാന്‍ പ്രയാസമുണ്ടെങ്കില്‍ മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മതിയാകുമെന്നും മന്ത്രി അനില്‍ കുമാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എംബാം ചെയ്ത് മാത്രമേ സ്വദേശത്തേക്ക് അയക്കുകയുള്ളൂ. മണ്ണിനടിയില്‍ അധികം താഴെയല്ലാതെയുള്ള ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ പാര്‍ട്‌സ്‌കളുടെയും ഇടയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

ദുരന്തമുണ്ടായ കള്ളാടിയില്‍ തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരിച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഡാവര്‍ നായകള്‍ അടക്കം തിരിച്ചലിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദര്‍ശിക്കും.

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് പള്‍സര്‍ സുനിയുടെ ഹര്‍ജി,ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഇരയുടെ വീഡിയോ ദൃശ്യം പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍,വിടരുതെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. വിചാരണക്കോടതി വിധിയെ തുടര്‍ന്ന് ശിക്ഷ ഭൂരിഭാഗവും അനുഭവിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷന്‍ കോടതിയെ അറിയിച്ചു. എട്ടരവര്‍ഷം ജയിലില്‍ കിടന്നതായും സുനിക്ക് ജാമ്യം നല്‍കിയാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ കേള്‍ക്കുന്നതിന് തടസമാകില്ലെന്നും പള്‍സറിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീല്‍, കോടതി പരിഗണനയിലാണെന്നും അറിയിച്ചു. ഒന്നാം പ്രതി കൊടും ക്രിമിനലാണെന്നും ജാമ്യത്തില്‍ ഇറങ്ങിയാല്‍ നടിയുടെ വീഡിയോ ദൃശ്യം പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സുപ്രീം കോടതി ജാമ്യം നല്‍കി ഇറങ്ങി ഒരുമാസമാകും മുന്‍പ് പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായെന്നും പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു.

നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും കുറ്റം ചെയ്യുക മാത്രമല്ല, പ്രതി ദൃശ്യങ്ങൾ പകർത്തുക കൂടി ചെയ്തു

സാധാരണ ലൈംഗികാതിക്രമമല്ല; വീഡിയോ ചിത്രീകരണം നടന്ന അതീവ ക്രൂരമായ കുറ്റകൃത്യം.അതിജീവിതയെ ദീർഘകാലം ഭീഷണിയിലാക്കുന്ന സാഹചര്യമാണെന്നും നടി. ഇത് കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ശിക്ഷ മരവിപ്പിച്ചാൽ ഈ ഗൗരവം ജുഡീഷ്യറി കുറച്ചു കാണുന്നു എന്ന് കരുതേണ്ടിവരും കോടതിയില്‍ വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി ഉത്തരവിനായി മാറ്റുകയായിരുന്നു. നടിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹാജരായത്.