പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ സ്റ്റഡി സോഫ്റ്റ് റെഡി ജോബ് പദ്ധതിക്ക് തുടക്കമായി

മലപ്പുറം: ജില്ലാ പഞ്ചായത്ത് പഠനത്തോടൊപ്പം ജോലിയും എന്ന ആശയത്തോടെ നടപ്പാക്കുന്ന സ്റ്റഡി സോഫ്റ്റ് റെഡി ജോബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പെരിന്തൽമണ്ണയിൽ നിർവഹിച്ചു.

പ്ലസ് ടുവിനു പഠിക്കുന്നവരും ഒന്നാം വർഷ ഡിഗ്രിക്ക് ചേർന്നവരുമായ കുട്ടികൾക്ക് സമാന്തരമായി പഠിക്കാനുള്ള സൗകര്യം പദ്ധതി ഒരുക്കുന്നുണ്ട്. പഠനത്തോടൊപ്പം അനുയോജ്യമായിട്ടുള്ള ജോലി ലഭ്യമാക്കാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള പ്രത്യേക പദ്ധതി കൂടിയാണ് സ്റ്റഡി സോഫ്റ്റ് റെഡി ജോബ്.

വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അസാപ്പും എച്ച്‌.സി.എലും സംയുക്തമായി നടത്തുന്ന കോഴ്സുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ. കെ മുസ്തഫ അധ്യക്ഷനായി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ കെ. എം.സുജാത , അംഗങ്ങളായ മുഹമ്മദ് നെയിം, ഉസ്മാൻ,അസാപ് പ്രതിനിധി കെ.അബി, എച്ച്‌ സി എൽ പ്രതിനിധി ടീന സി. ഷെറി എന്നിവർ സംസാരിച്ചു.

Advertisement