ഏറെ വൈകിയാണ് ഉറങ്ങുന്നത്? നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രശ്നങ്ങൾ

അര്‍ധരാത്രിക്ക് ശേഷം വളരെ വൈകി ഉറങ്ങാന്‍ കിടക്കുന്നതും ഏഴെട്ട് മണിക്കൂറെങ്കിലും ഉറങ്ങാതിരിക്കുന്നതും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഭാരവര്‍ധന, മൂഡ് മാറ്റങ്ങള്‍, ഉയര്‍ന്ന തോതിലെ സമ്മര്‍ദ്ദം എന്നിവയാണ് ശരിക്ക് ഉറങ്ങാത്തവരെ കാത്തിരിക്കുന്നത്.

പകല്‍ വ്യക്തമായി ചിന്തിക്കാനും എന്തിലെങ്കിലും ശ്രദ്ധ പതിപ്പിക്കാനുമുള്ള കഴിവിനെയും ഉറക്കമില്ലായ്മ ബാധിക്കും. ഓര്‍മ്മക്കുറവിനും ജാഗ്രതക്കുറവിനുമെല്ലാം ഉറക്കമില്ലായ്മ കാരണമാകാം. കുട്ടികളുടെ അക്കാദമിക പ്രകടനത്തെയും ഉറക്കമില്ലായ്മ പ്രതികൂലമായി ബാധിക്കുന്നതാണ്. പ്രമേഹം, ഹൃദ്രോഗം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുമായും ഉറക്കമില്ലായ്മ ബന്ധപ്പെട്ടിരിക്കുന്നു. എന്നും കൃത്യ നേരത്ത് ശരിയായ ദൈര്‍ഘ്യത്തിലുള്ള ഉറക്കം ചയാപചയം മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നതും ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍, ലാപ്‌ടോപ്, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മാറ്റി വയ്ക്കുന്നതും ഉറങ്ങുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍ കഫൈന്‍ ഉള്‍പ്പെട്ട ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും. രാത്രിയില്‍ ചെറു ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് വിശ്രമം നല്‍കുകയും നല്ല ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും. പകല്‍ സമയത്ത് എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും രാത്രിയില്‍ വേഗം ഉറങ്ങാന്‍ സഹായിക്കും.

Advertisement