കൗമാരക്കാരിലെ ഹൃദയാഘാതം വർധിക്കുന്നു; കാരണങ്ങൾ ഇവയെല്ലാം

യുവാക്കളിലെ ഹൃദയാഘാതമാണ് ഇന്ന് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന്. മുൻപെല്ലാം പ്രായമായവരെ ബാധിക്കുന്ന രോഗമായിട്ടാണ് ഹൃദയാഘാതത്തെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ആർക്കും എപ്പോൾ വേണമെങ്കിലും ഹൃദയസ്തംഭനം ഉണ്ടാകാമെന്ന അവസ്ഥയാണ്. സ്കൂൾ, കോളജ് തലങ്ങളിൽ പഠിക്കുന്നവരും പുറമേക്ക് ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന യുവാക്കളുമെല്ലാം പെട്ടെന്നൊരു നാൾ ഹൃദയാഘാതം വന്നു മരിക്കുന്ന വാർത്തകൾ നടുക്കത്തോടെയാണ് നാം കേൾക്കാറുള്ളത്.

യുവാക്കളിലെയും കൗമാരക്കാരിലെയും ഹൃദ്രോഗത്തിൻറെ കാരണങ്ങൾ വിശദീകരിക്കുകയാണ് ദഹെൽത്ത്സൈറ്റ്.കോമിന് നൽകിയ അഭിമുഖത്തിൽ ഗുരുഗ്രാം പരസ് ഹെൽത്ത് ഡയറക്ടറും കാർഡിയോളജി കൺസൽറ്റൻറുമായ ഡോ. അമിത് ഭൂഷൻ ശർമ.

  1. ജീവിതശൈലി മാറ്റങ്ങൾ

തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ യുവാക്കളുടെ ജീവിതശൈലി. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിൻറെ ഭാഗമായി ലാപ്ടോപുകൾ, മൊബൈലുകൾ, ടാബുകൾ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് മുന്നിലാണ് സദാസമയവും നമ്മുടെ യുവതലമുറ. ഇത് ദേഹമനങ്ങിയുള്ള പ്രവർത്തനങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും അലസമായ ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത ഈ അവസ്ഥ യുവാക്കളുടെ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. യുവാക്കൾ കടന്നു പോകുന്ന സമ്മർദ സാഹചര്യങ്ങളും ഹൃദയാഘാതത്തിനുള്ള സാധ്യയേറ്റുന്നു.

  1. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ

ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണവിഭവങ്ങളാണ് കൗമാരക്കാരും യുവാക്കളും ഇന്ന് കൂടുതലായി കഴിക്കുന്നത്. അവശ്യ പോഷണങ്ങളോ പ്രോട്ടീനോ ഒന്നുമില്ലാത്ത ഈ വിഭവങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പും ആവശ്യത്തിലും അധികം ഉപ്പുമാണ് അടങ്ങിയിട്ടുള്ളത്. ഇത് യുവാക്കളുടെ ശരീരത്തിൻറെ പ്രതിരോധശേഷി തകരാറിലാക്കുന്നു. ഇത് ശരീരത്തിലെ നീർക്കെട്ടും അണുബാധയും വർധിപ്പിക്കുകയും ഹൃദ്രോഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

  1. പുകവലി, മദ്യപാനം, ലഹരി ഉപയോഗം

പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ ഉപയോഗവും യുവാക്കൾക്കിടയിൽ വ്യാപകമായിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. നിക്കോട്ടിൻ പോലുള്ള വിഷവസ്തുക്കൾ ശ്വാസകോശത്തിനെ മാത്രമല്ല രക്തധമനികളിൽ ബ്ലോക്കിനും കാരണമാകും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത വർധിപ്പിക്കും.

  1. സ്വയം ചികിത്സ

പല രോഗലക്ഷണങ്ങളും അവഗണിക്കാനും ഇൻറർനെറ്റിൽ നോക്കി മരുന്നുകൾ കണ്ടെത്തി സ്വയം ചികിത്സ നടത്താനുമുള്ള ത്വര ഇന്ന് പല കൗമാരക്കാർക്കുമുണ്ട്. തെറ്റായ മരുന്നുകളും തെറ്റായ ഡോസുമൊക്കെ ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക. ഇവയും ശരീരത്തിന് ഹാനികരമാണ്.

നിത്യവും വ്യായാമം ചെയ്യാനും പോഷകസമൃദ്ധമായ ഭക്ഷണം ഉൾപ്പെട്ട ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും എല്ലാ പ്രായത്തിലുമുള്ളവരും ശ്രദ്ധിക്കേണ്ടതാണ്. കൗമാരക്കാരുടെ ജീവിതശൈലിയുടെ കാര്യത്തിൽ മാതാപിതാക്കളും സമൂഹവും കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കേണ്ടതും ആവശ്യമാണ്. ഹൃദ്രോഗചരിത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള കൗമാരക്കാർ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതും ആവശ്യമായ പരിശോധനകൾ നടത്തേണ്ടതും അത്യാവശ്യമാണ്.

Advertisement