കണ്ണിന് ക്ഷീണമോ? കാരണങ്ങൾ ഇവയാകാം

Advertisement

നന്നായി ഉറങ്ങിയിട്ടും കണ്ണുകള്‍ക്കു തളർച്ച തോന്നുന്നുണ്ടോ? ദിവസവും 8 – 9 മണിക്കൂര്‍ ഉറങ്ങി ഉണര്‍ന്നാലും ക്ഷീണമാണോ? കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകുന്നത് കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകുമ്പോാണ്. ഉറക്കം കുറഞ്ഞാലും ഇത് സംഭവിക്കാം. എന്നാല്‍ നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് തളര്‍ച്ച ആണെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം

അലര്‍ജി

അലര്‍ജി ഉണ്ടെങ്കില്‍ കണ്ണുകള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടാം. എന്തെങ്കിലും പൊടികള്‍ അലര്‍ജി ഉണ്ടാക്കുമ്പോള്‍ ശരീരം ഹിസ്റ്റമിൻ എന്ന കെമിക്കല്‍ ഉല്‍പാദിപ്പിക്കും. ഇത് കണ്ണുകള്‍ക്കു താഴെയുള്ള രക്തക്കുഴലുകളെ ചുരുക്കും. ഇതാണ് കണ്ണുകള്‍ തടിച്ചു വീര്‍ത്തും തളര്‍ന്നും കാണപ്പെടാന്‍ കാരണം.

ജലാംശം കുറഞ്ഞാല്‍

കണ്ണുകള്‍ തളരാന്‍ മറ്റൊരു കാരണം ‌ജലാംശം കുറയുന്നതാണ്. കണ്ണുകള്‍ക്കു ചുറ്റുമുള്ള ചര്‍മം വളരെ സെന്‍സിറ്റീവ് ആണ്. ഇതുമൂലം വെള്ളത്തിന്റെ അഭാവം ശരീരത്തില്‍ ഉണ്ടായാല്‍ അത് കണ്ണില്‍ പ്രതിഫലിക്കും.

ഉപ്പ്

ഉപ്പിന്റെ അമിത ഉപയോഗം കണ്ണുകളെ തളർത്താം. ഉപ്പ് അധികം കഴിച്ചാല്‍ അത് ശരീരത്തില്‍ കൂടുതല്‍ വെള്ളം കെട്ടാന്‍ കാരണമാകും. കണ്ണിനു ചുറ്റുമുള്ള സെന്‍സിറ്റീവ് സ്കിന്നില്‍ ഇത് കൂടുതല്‍ ബാധിക്കും. ഉപ്പിന്റെ ഉപയോഗം കുറച്ച്, വെള്ളം ധാരാളം കുടിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

കഫീന്‍

കഫീന്‍ അടങ്ങിയ ഡ്രിങ്കുകള്‍ കണ്ണിനെ തളര്‍ത്തും. ദിവസവും 4-5 കപ്പ്‌ കാപ്പി കുടിക്കുന്നവര്‍ ഉറങ്ങി ഉണര്‍ന്നാല്‍ കണ്ണുകള്‍ക്ക് ക്ഷീണം ഉണ്ടാകാം. കോഫിക്ക് പകരം ഗ്രീന്‍ ടീ ശീലമാക്കാം.

ഐ സ്ട്രയിന്‍

കണ്ണിന് അമിതമായി സ്ട്രെയ്ന്‍ നല്‍കിയാല്‍ തളര്‍ച്ച ഉണ്ടാകുക സ്വാഭാവികം. കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ ഓരോ ഇരുപതുമിനിറ്റ് കൂടുമ്പോഴും കണ്ണിനു വിശ്രമം നല്‍കുക. അതുപോലെ എന്തെങ്കിലും അസ്വസ്ഥതകള്‍ കണ്ണിന് ഉണ്ടായാല്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുക.

Advertisement