പ്രമേഹമുണ്ടെങ്കിൽ മറ്റൊരു മാരകരോഗത്തിന് സാദ്ധ്യത കൂടുതലെന്ന് കണ്ടെത്തൽ

ആലപ്പുഴ: പ്രമേഹ നിയന്ത്രണം ക്ഷയരോഗ സാദ്ധ്യതയും സങ്കീർണതകളും കുറയ്ക്കുമെന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റും ശ്വാസകോശവിഭാഗം മേധാവിയുമായ ഡോ.കെ.വേണുഗോപാൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.

സാധാരണക്കാരെ അപേക്ഷിച്ച്‌ പ്രമേഹരോഗികൾക്ക് ക്ഷയരോഗ സാദ്ധ്യത മൂന്നിരട്ടിയാണ്. ടി.ബി ബാധിതരിൽ 20 ശതമാനത്തിനും പ്രമേഹവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹബാധിതരിൽ ടി.ബി വർദ്ധിക്കുന്നുണ്ടോയെന്ന പഠനം നടത്തിയത്. ചികിത്സാ ക്യാമ്പുകളിൽ പങ്കെടുത്ത 166 പ്രമേഹ രോഗികളിലായിരുന്നു പഠനം. അഞ്ച് വർഷത്തിലധികം പ്രമേഹ ബാധിതരും ദീർഘനാളായി ചികിത്സ തുടരുന്നവരുമായ രോഗികളിൽ നാല് മുതൽ എട്ട് ശതമാനം പേരിൽ മാത്രമാണ് ടി.ബി കണ്ടെത്തിയത്. ഈ മാസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടക്കുന്ന ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തിൽ ഗവേഷണഫലം അവതരിപ്പിക്കും.

മെഡിക്കൽ കോളേജുകളിൽ ഗവേഷണത്തിന് കോടികളുടെ സാമ്പത്തിക സഹായമുണ്ടെങ്കിലും ജനറൽ ആശുപത്രികൾക്ക് ഇതു ലഭിക്കാറില്ല. അതുകൊണ്ട് അപൂർവമായാണ് ജനറൽ ആശുപത്രികളിൽ ഗവേഷണം നടക്കുന്നത്. ഈ പ്രതിസന്ധികൾ മറികടന്ന് കേരളത്തിൽ നിന്ന് 39 ഗവേഷണ പ്രബന്ധങ്ങൾ ദേശീയതലത്തിലും 23 പ്രബന്ധങ്ങൾ അന്തർദേശീയ തലത്തിലും അവതരിപ്പിക്കാൻ ഡോ.വേണുഗോപാലിന് സാധിച്ചിട്ടുണ്ട്.

ഗവേഷണ പഠനത്തിന് വിധേയമായത്: 166 പ്രമേഹ രോഗികൾ

ക്ഷയരോഗ ലക്ഷണങ്ങൾ പ്രകടപ്പിച്ചവർ: 35 പേർ

മുൻ വർഷങ്ങളിൽ ക്ഷയരോഗം കണ്ടെത്തിയത്: 4 പേർ

പുതുതായി ആരുമില്ല

”ടി.ബി രോഗികളിൽ പ്രമേഹബാധിതരുടെ നിരക്ക് കൂടുതലാണ്. പ്രമേഹരോഗികൾക്ക് ടി.ബി പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. നിലവിൽ നടത്തിയ പഠനപ്രകാരം, പ്രമേഹത്തിന് കൃത്യമായ ചികിത്സയും മേൽനോട്ടവും നടത്തുന്നവരിൽ ക്ഷയരോഗ സാദ്ധ്യത കുറവാണ്”-

ഡോ.കെ.വേണുഗോപാൽ പറയുന്നു.

Advertisement