കൊച്ചി: സ്മാർട് ഫോണില്ലാത്ത തന്റെ ആരാധികയ്ക്ക് തന്നോടൊപ്പമുള്ള സെൽഫി ഫ്രെയിം ചെയ്തു സമ്മാനിച്ചിരിക്കുകയാണ് നടൻ ജയസൂര്യ.

സംഭവമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന കടയിലെ ഹൗസ്‌ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സർപ്രൈസ് സമ്മാനം ലഭിച്ചത്. ജയസൂര്യയുടെ കടുത്ത ആരാധികയാണ് പുഷ്പ. കടയിലേക്ക് ജയസൂര്യ എത്തുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ പുഷ്പ ആവേശത്തിലായിരുന്നു.

ഇഷ്ടതാരത്തിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുകയായിരുന്നു പുഷ്പ. തന്റെ ആരാധികയോടൊപ്പം ജയസൂര്യ ഫോണിൽ ഒരു സെൽഫി പകർത്തുകയും ചെയ്തു. എന്നാൽ, തന്റെ പ്രിയപ്പെട്ട നടനെ കണ്ട കാര്യം വീട്ടിൽ ചെന്ന് പറയാനോ അവരെ സെൽഫി കാണിച്ചുകൊടുക്കാനോ പുഷ്പയുടെ കയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ ജയസൂര്യ കടയിൽ നിന്നും പോകും മുൻപ് ഈ സെൽഫി പുഷ്പയ്ക്ക് ഫ്രെയിം ചെയ്തു നൽകി. സംഭവമിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

ആ സമയം കടയിലുള്ളവരോ പുഷ്പയോ അറിയാതെ ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ പുറത്തുവിട്ടാണ് അദ്ദേഹം ഫ്രെയിം ചെയ്ത ചിത്രം പുഷ്പക്ക് സമ്മാനമായി നൽകിയത്. ജയസൂര്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മേരി ആവാസ് സുനോയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരും ശിവദയുമാണ് നായികമാർ.