കണ്ടതെല്ലാം പൊയ്, ഇനി കാണാന്‍ പോകുന്നത് നിജം… ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലേക്ക്

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലേക്ക്. നാളെ പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. റിലീസിന് ആറ് ദിവസം മുന്‍പേ ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരുന്നു. അതിന്റെ ഗുണം ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷനില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനുകളില്‍ ഒന്ന് വാലിബന്‍ നേടുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ പ്രതീക്ഷ.
മലൈക്കോട്ടൈ വാലിബന്‍ ഒരു മാസ് ചിത്രമായി മാത്രം കാണരുതെന്ന് മോഹന്‍ലാല്‍ ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്. ഇന്നലെ എക്സില്‍ മോഹന്‍ലാല്‍ ഫാന്‍സ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തെ ഒരു മാസ് ചിത്രമായി മാത്രം കാണരുത്. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ് ഉണ്ട്. ഒരു മാജിക്കുള്ള ചിത്രം കൂടിയാണ് വാലിബന്‍. ഇതൊക്കെ മനസില്‍ വിചാരിച്ചു വേണം ചിത്രം കാണാനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement