പോർഷെയുടെ മാനുവൽ മോഡൽ, 3.2 കോടിയുടെ കാർ വാങ്ങി പൃഥ്വിരാജ്

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമികളിൽ ഒരാളാണ് പൃഥ്വിരാജ്. ലംബോർഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരിസുമെല്ലാമുള്ള പൃഥ്വിരാജിന്റെ ഏറ്റവും പുതിയ വാഹനം പോർഷെയുടെ സ്പോർട്സ് കാർ. പോർഷെ 911 ജിടി 3 ടൂറിങ് മാനുവൽ ഗിയർബോക്സാണ് താരം സ്വന്തമാക്കിയത്. മാനുവൽ ഗിയർബോക്സ് കാറുകൾ ഇഷ്ടപ്പെടുന്ന ആളുകൾ മാത്രമേ പോർഷെ 911 മാനുവൽ മോഡൽ വാങ്ങാറുള്ളൂ.

ബുക്ക് ചെയ്താൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രമേ പോർഷെ 911 ജിടി 3 ടൂറിങ് മാനുവൽ ലഭിക്കൂ. ഇന്ത്യയിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഇതിന്റെ മാനുവൽ മോ‍ഡൽ സ്വന്തമായുള്ളത്. നേരത്തെ 911 കാബ്രിയോലെ കൺവേട്ടബിൽ മാനുവൽ ഗിയർബോക്സ് പൃഥ്വിരാജിനുണ്ടായിരുന്നു. വെള്ളനിറത്തിലുള്ള കാറിന് ചുവപ്പ് റൂഫായിരുന്നു.

ഏകദേശം അഗാപ്പേ ഗ്രേ നിറത്തിലുള്ള കാറിന്റെ അടിസ്ഥാന എക്സ്ഷോറൂം വില 3.20 കോടി രൂപയാണ്. ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ആകുമ്പോൾ വില വർധിക്കും. എന്തൊക്കെ കസ്റ്റമൈസേഷനാണ് പൃഥ്വിരാജ് വാഹനത്തിൽ നടത്തിയത് എന്ന് വ്യക്തമല്ല. നാലു ലീറ്റർ പെട്രോൾ എൻജിനാണ്. 510 പിഎസ് പവറും 470 എൻഎം ടോർക്കുമുണ്ട്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതി.

Advertisement