മോഹന്‍ലാല്‍ ചിത്രം റമ്പാനിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍

മോഹന്‍ലാല്‍-ജോഷി ചിത്രം റമ്പാനിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍. മോഹന്‍ലാലും ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് റമ്പാന്‍. മോഹന്‍ലാലിന്റെ മകളായാണ് ചിത്രത്തില്‍ കല്യാണി അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചെമ്പന്‍ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ”എല്ലാ വിധ തരികിടകളുമായി ചെറുപ്പത്തില്‍ ജീവിച്ച്, വളര്‍ന്നപ്പോള്‍ നന്നായ ഒരാളാണ് റമ്പാനെന്ന് തല്‍ക്കാലം കരുതാം. റമ്പാന്‍ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയില്‍. മകളുടെയും അപ്പന്റെയും കഥയാണ് റമ്പാന്‍. ഒരു പുതിയമുഖം വേണമെന്നൊരു ഐഡിയ ആദ്യം തന്നെ ഉണ്ടായിരുന്നു. കുറേപ്പെരെ അതിനായി അന്വേഷിച്ചു. നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരിന്റെയും മകള്‍ കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്,’ ചിത്രത്തെ കുറിച്ച് ചെമ്പന്‍ വിനോദ് പറയുന്നു.
ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സ്, ഐന്‍സ്റ്റിന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റിന്‍ സാക്ക് പോള്‍, ശൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് കല്യാണി. ബിന്ദു പണിക്കര്‍ക്കും സായ് കുമാറിനുമൊപ്പമുള്ള നിരവധി ടിക് ടോക് വീഡിയോകള്‍ കല്യാണി ഷെയര്‍ ചെയ്യുകയും അവ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. വിദ്യാര്‍ത്ഥിനിയായ കല്യാണി മികച്ച ഡാന്‍സറും അഭിനേത്രിയും കൂടിയാണ്. സുഹൃത്തുക്കളുമൊന്നിച്ചുള്ള ഡാന്‍സ് വിഡിയോകള്‍ കല്യാണി ഇടക്ക് ഇന്‍സ്റ്റഗ്രാം റീലിസിലൂടെ പങ്കുവെക്കാറുണ്ട്.

Advertisement