‘എന്നിലെ റഹ്മാൻ ആരാധകൻ ഇന്ന് മരിച്ചു’ : ചെന്നൈ എആർ റഹ്മാൻ ഷോ അലമ്പായി, രോഷം ഇരമ്പുന്നു.!

ചെന്നൈ: സംഗീത സംവിധായകൻ എആർ റഹ്മാൻറെ ചെന്നൈയിലെ മ്യൂസിക്ക് ഷോയ്ക്കെതിരെ രോഷവുമായി സോഷ്യൽ മീഡിയയിൽ ആരാധകർ. മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിയാണ് ആരാധകർക്ക് ദുരിതം സമ്മാനിച്ചത്.

ഞായറാഴ്ച ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. മ്യൂസിക് ഷോയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാൽ പലർക്കും വേദിക്ക് അടുത്ത് പോലും എത്താൻ സാധിച്ചില്ല.

ആയിരങ്ങൾ മുടക്കി ടിക്കറ്റ് എടുത്തവർക്ക് മുൻപേ അവരുടെ സീറ്റുകൾ ആളുകൾ കൈയ്യേറിയെന്നാണ് ആരോപണം. എക്സിലെ ഒരു പോസ്റ്റിൽ 2000 രൂപ ടിക്കറ്റ് എടുത്ത ആരാധകർക്ക് അടക്കം ഷോ കാണാൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഇതേ സമയം രോഷത്തിലായ പല ആരാധകരും എആർ റഹ്മാനെയും എക്സിൽ ടാഗ് ചെയ്തിട്ടുണ്ട്. ഷോ സംഘടകരെയും എആർ റഹ്മാനെയും മോശമായ ഭാഷയിലാണ് പല സോഷ്യൽ മീഡിയ പോസ്റ്റുകളിലും അഭിസംബോധന ചെയ്യുന്നത്.

അതേ സമയം എആർ റഹ്മാൻ ഷോയിൽ ഉണ്ടായിരുന്ന സൌകര്യത്തിൽ കൂടുതൽ ടിക്കറ്റുകൾ സംഘടകർ വിറ്റെന്നും. അതിനാൽ തന്നെ വലിയൊരു വിഭാഗത്തിന് അകത്ത് കയറാൻ കഴിഞ്ഞില്ലെന്നുമാണ് വിവരം. അതേ സമയം സംഘടകർ അടുപ്പക്കാർ അടക്കം വലിയൊരു വിഭാഗത്തെ അനധികൃതമായി നേരത്തെ മറ്റുള്ളവർ ബുക്ക് ചെയ്ത സീറ്റുകളിൽ ഇരുത്തിയെന്നും ആരോപണമുണ്ട്. തിരക്കിലും മറ്റും പെട്ട് ദുരിതത്തിലായ എആർ റഹ്മാൻ ആരാധകരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.

എതാനും ദിവസം മുൻപ് വരെ ചെന്നൈയിലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച തന്നെ എആർ റഹ്മാൻ ഷോയുടെ ടിക്കറ്റ് ലഭിക്കുമോ എന്നതായിരുന്നു. എന്നാൽ ഇന്നലെ രാത്രി ഷോ നടന്ന സമയത്ത് സോഷ്യൽ മീഡിയയിൽ ഉയർന്നത് കടുത്ത ഭാഷയിലുള്ള പോസ്റ്റുകളാണ്.

“ചരിത്രത്തിൽ തന്നെ ഏറ്റവും മോശം സംഗീത പരിപാടിയാണ് ഇത്. മനുഷ്യത്വത്തെ ആദരിക്കാൻ കഴിയണം. മുപ്പത് വർഷത്തെ എആർ റഹ്മാൻ ആരാധന ഇന്ന് മരിച്ചു. ‘മരക്കുമ നെഞ്ചം’ എന്ന പരിപാടി ഒരിക്കലും മറക്കില്ല. സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോൾ ചുറ്റും എന്ത് നടക്കുന്നു എന്നതും ഒന്ന് നോക്കണം” – ഒരു ആരാധകൻ കുറിച്ചു. ഒപ്പം ഒരുക്കിയ സൌകര്യങ്ങളിലും ശബ്ദസംവിധാനത്തിൽ അടക്കം വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞവരും ഏറെയാണ്.

അതേ സമയം ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വമ്പൻ വിജയമെന്ന് സംഘാടകരായ എസിടിസി ഇവൻറ് അറിയിച്ചു. എന്നാൽ തിരക്ക് കാരണം സീറ്റ്‌ കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവർ പത്ര കുറിപ്പിൽ അറിയിച്ചു.

Advertisement