ഫിറ്റ്‍നെസിൽ വിട്ടുവീഴ്‍ചയ്‍ക്കില്ല, മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോക്ക് അഭിനന്ദനങ്ങളുമായി ആരാധകർ

Advertisement

അടുത്തിടെ നടൻ മോഹൻലാൽ വർക്കൗട്ട് വീഡിയോകൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്‍ക്കാറുണ്ട്. ആരോഗ്യത്തിൽ വിട്ടുവീഴ്‍ചയ്‍ക്ക് ഒരുക്കമല്ലെന്ന് വ്യക്തമാക്കി പങ്കുവയ്‍ക്കുന്ന വീഡിയോകൾ ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാൽ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഫിറ്റ്‍നെസിൽ മോഹൻലാൽ പ്രകടിപ്പിക്കുന്ന സമർപ്പണം വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നു.

മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാൻ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ഏക്ത കപൂർ, ശോഭ കപൂർ, വരുൺ മാതൂർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. റോഷൻ മെക, ഷനയ കപൂർ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോർട്ടുണ്ട്.

‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രമാണ് മോഹൻലാൽ നായകനായി പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാൽ ആരാധകർ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ’. ഏറ്റവും ചർച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം.

‘സ്‍ഫടിക’മാണ് മോഹൻലാലിന്റേതായി ഒടുവിൽ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘സ്‍ഫടികം’ റീ മാസ്റ്റർ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. ‘ആടു തോമ’ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാൽ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Advertisement