തോക്കിന്മുനയില്‍ കൂസലില്ലാതെ നായകന്‍; ത്രില്ലടിപ്പിക്കാന്‍ ‘ബസൂക്ക’

മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് സിനിമ. ‘ബസൂക്ക’ എന്ന പേരോടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചത്. വിഖ്യാത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആണ് സംവിധാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്.
‘ബസൂക്ക’ ഒരുങ്ങുന്നത് ഒരു സമ്പൂര്‍ണ ഹൈടെക് ചിത്രമായിട്ടാണ്. കാപ്പ, ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം. പുതിയ തലമുറക്കാര്‍ക്ക് ഏറെ സ്വീകാര്യമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement