രജനികാന്തിനൊപ്പമുള്ള ആ സിനിമയുടെ വൻ പരാജയത്തോടെ ദക്ഷിണേന്ത്യൻ കരിയർ അവസാനിച്ചു -മനീഷ കൊയ്‌രാള

തൊണ്ണൂറുകളിൽ ബോളിവുഡിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ സിനിമകളിലും ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളായിരുന്നു മനീഷ കൊയ്‌രാള. മലയാളം, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ്, നേപ്പാളി സിനിമകളിലും വേഷമിട്ട മനീഷ നാലുതവണ ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. നേപ്പാളിലെ മുൻ പ്രധാനമന്ത്രി ബിശേശ്വർ പ്രസാദ് കൊയ്‌രാളയുടെ കൊച്ചുമകളായ മനീഷ 1989ൽ ഒരു നേപ്പാളി ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്.

1991ൽ പുറത്തിറങ്ങിയ സൗദാഗർ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 1942: എ ലവ് സ്റ്റോറി, ബോംബെ, ഗുപ്ത്, ഇന്ത്യൻ, മുതൽവൻ, അകേലെ ഹം അകേലെ തും, ഖാമോഷി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറെ തിരക്കുള്ള നടിയായി. ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2010ൽ ഇറങ്ങിയ ‘ഇലക്ട്ര’ എന്ന മലയാള ചിത്രത്തിലും വേഷമിട്ടു.

ബോളിവുഡ് കഴിഞ്ഞാൽ മനീഷയുടെ അഭിനയ മികവ് അടയാളപ്പെടുത്തിയ തമിഴ് ചിത്രങ്ങളായിരുന്നു അരവിന്ദ് സ്വാമിക്കൊപ്പമുള്ള ബോംബെ (1995), കമൽഹാസ​ൻ നായകനായ ഇന്ത്യൻ (1996), അർജുൻ പ്രധാന വേഷത്തിലെത്തിയ മുതൽവൻ (1999) എന്നിവ. തമിഴിലെ വമ്പൻ ഹിറ്റുകളിൽ ഇടംപിടിച്ച ഈ ചിത്രങ്ങൾക്ക് ശേഷം രജനികാന്തിന്റെ നായികയായി 2002ൽ പുറത്തിറങ്ങിയ ബാബ എന്ന സിനിമയോടെ തന്റെ ദക്ഷിണേന്ത്യൻ കരിയർ അവസാനിച്ച​തായി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. വമ്പൻ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം ദയനീയ പരാജയമായതിന്റെ നിരാശയിൽ താൻ പിന്നീട് ദക്ഷിണേന്ത്യൻ സിനിമകളിലേക്ക് വന്ന ഓഫറുകൾ നിരസിക്കുകയായിരുന്നെന്ന് മനീഷ പറയുന്നു. ഹിന്ദിയിലും തമിഴിലുമായി 2005ൽ പുറത്തിറങ്ങിയ കമൽഹാ​സന്റെ മുംബൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ചെറിയൊരു വേഷമാണ് പിന്നീട് ചെയ്തത്.

കാർത്തിക് ആര്യൻ നായകനായ ഷെഹ്സാദ എന്ന സിനിമയിലൂടെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡിൽ തിരിച്ചെത്തിയ മനീഷ, സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്സ് വെബ് സീരീസായ ഹീരമാണ്ഡിയിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement