കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന എം സ്വരാജിൻ്റെ ഹർജി നിലനിൽകുമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.തൃപ്പൂണിത്തുറയിൽ കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന എം സ്വരാജിൻ്റെ ഹർജി നിലനിൽകുമെന്ന് ഹൈക്കോടതി. കേസ് നില നിൽക്കില്ലെന്ന കെ ബാബുവിൻ്റെ ഹർജി തള്ളി. ഹൈക്കോടതി വിധി പ്രതീക്ഷിച്ചതെന്ന് എം സ്വരാജും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് കെ ബാബുവും പ്രതികരിച്ചു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. മതത്തെ ഉപയോഗിച്ച് കെ ബാബു വോട്ട് തേടിയെന്നും , ഇത് ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമാണെന്നുമായിരുന്നു വാദം. ശബരിമല അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനുള്ള തെളിവായി , അയ്യപ്പൻറെ ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങൾ ഹർജിക്കൊപ്പം ഹാജരാക്കിയിയിരുന്നു. എം സ്വരാജിൻ്റെ ഹർജി നിലനിൽകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അധാർമികമായിരുന്നുവെന്നും, കെ ബാബുവിന്റെ കൃത്രിമ വിജയം സംബന്ധിച്ച ഇടത് വാദങ്ങൾ കോടതി ശരിവച്ചെന്നും എം സ്വരാജ് പറഞ്ഞു.

കേസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കെ ബാബു പ്രതികരിച്ചു. 992 വോട്ടുകളുടെ

ഭൂരിപക്ഷത്തിനാണ് തൃപ്പുണിത്തറയിൽ കെ ബാബു എം സ്വരാജിനെ പരാജയപ്പെടുത്തിയത്. മേയ് 24 ന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുക.

Advertisement