മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം.മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കും. എയ്ഡഡ് മേഖലയിൽ അധിക സീറ്റുകൾ നൽകുമെന്നും വിദ്യാഭ്യാസമന്ത്രി പ്രമുഖ ചാനലിന്‍റെ പരിപാടിയില്‍ പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലബാറിലെ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിയുടെ ഉറപ്പ്. മലപ്പുറം ജില്ലയിൽ ഉൾപ്പെടെ, യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കും. ഈ മാസം 16 ന് അലോട്ട്മെന്റുകൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ, താലൂക്ക് തലത്തിൽ സീറ്റുകളുടെ കണക്കെടുക്കും. ഇതിനനുസരിച്ച് എയ്ഡഡ് മേഖലയിൽ അധിക സീറ്റുകൾ അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സമരം ചെയ്യുന്നതിനിടെ, പി കെ കുഞ്ഞാലിക്കുട്ടിയുമായി വിഷയം ചർച്ച ചെയ്തിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തി.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കു പോലും പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത സാഹചര്യം മലബാറിൽ നിലനിൽക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

Advertisement