അണ്ടര്‍ 19 ലോകകപ്പ്: നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍

Advertisement

അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍. 201 റണ്‍സിന്റെ വൻ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. അയര്‍ലന്‍ഡിന്റെ പോരാട്ടം 29.4 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു.
മുഷീര്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഉദയ് സഹാറന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുഷീര്‍ 106 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 118 റണ്‍സ് അടിച്ചെടുത്തു. ഉദയ് 75 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ അര്‍ഷിദ് കുല്‍ക്കര്‍ണി 32 റണ്‍സ് സ്വന്തമാക്കി. 13 പന്തില്‍ 22 റണ്‍സുമായി അരവല്ലി അവിനാഷ്, 9 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു സച്ചിന്‍ ധാസ് എന്നിവര്‍ സ്‌കോര്‍ 300 കടത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലന്റ് 45 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 100ല്‍ എത്തിച്ചത്.

Advertisement