ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടം, ലോകകപ്പിലെ പാകിസ്ഥാന്‍ പ്രാതിനിധ്യം… അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു

ലാകകപ്പിലെ പാകിസ്ഥാന്‍ പ്രാതിനിധ്യം സംബന്ധിച്ചും ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടം സംബന്ധിച്ചുമുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായതായി റിപ്പോര്‍ട്ടുകള്‍. പാക് ക്രിക്കറ്റ് ചെയര്‍മാന്‍ നജാം സേതി മുന്നോട്ടു വച്ച് ഹൈബ്രിഡ് മോഡല്‍ ഫോര്‍മുല ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ ശ്രീലങ്കയില്‍ നടത്താന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാലെ, പല്ലെകീല്‍ സ്റ്റേഡിയങ്ങളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തും. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും അരങ്ങേറും. പാകിസ്ഥാന്‍- നേപ്പാള്‍, ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക- ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍- ശ്രീലങ്ക പോരാട്ടങ്ങള്‍ പാകിസ്ഥാനില്‍ നടക്കും. ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടവും സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ശ്രീലങ്കയിലും അരങ്ങേറും.
ഏഷ്യ കപ്പില്‍ തീരുമാനമായതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കാനെത്തുമെന്നും വ്യക്തമാക്കി. നാല് മത്സരങ്ങളെങ്കിലും പാകിസ്ഥാനില്‍ നടത്താന്‍ അനുവദിച്ചാല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് കളിക്കാന്‍ തങ്ങളെത്തുമെന്ന് നാജാം സേതി ഐസിസി അധികൃതര്‍ക്ക് ഉറപ്പു നല്‍കിയതോടെയാണ് അനിശ്ചിതത്വത്തിന് വിരാമമായത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏഷ്യ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന് ബിസിസിഐ കടുത്ത നിലപാടെടുത്തിരുന്നു. ഇതോടെയാണ് പാക് ആതിഥേയത്വം ത്രിശങ്കുവിലായത്.

Advertisement