ഇൻഡിഗോ വിമാനത്തിന് തകരാർ: വിമാനം കറാച്ചിയിൽ ഇറക്കി; രണ്ടാഴ്ചയ്ക്കിടെ രണ്ടാം സംഭവം

ന്യൂഡൽഹി: ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഇൻഡിഗോയുടെ 6ഇ-1406 എന്ന വിമാനമാണ് തിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി കറാച്ചിയിലേക്ക് അധിക വിമാനം അയച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ സാങ്കേതിക തകരാർമൂലം പാക്കിസ്ഥാനിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണിത്. ഈ മാസം ആദ്യം ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 138 യാത്രക്കാർ പിന്നീട് ഇന്ത്യയിൽനിന്ന് അയച്ച വിമാനത്തിൽ ദുബായിലേക്ക് പോയി.

Advertisement