ദ്രൗപദി മുര്‍മുവിനെതിരെയുള്ള പരാമര്‍ശം: രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്

ദ്രൗപദി മുര്‍മുവിനെതിരെയുള്ള പരാമര്‍ശം: രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെതിരെ ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവിന്റെ പരാതി. ട്വിറ്ററിലാണ് വര്‍മ്മ മുര്‍മ്മുവിനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. തെലങ്കാനയില്‍ നിന്നുള്ള ബിജെപി നേതാവ് ജി നാരായണ റെഡ്ഡിയാണ് പരാതി നല്‍കിയത്.

ദ്രൗപദിയാണ് പ്രസിഡന്റെങ്കില്‍ പാണ്ഡവരാരാണ്, അതിലുപരി ആരാണ് കൗരവര്‍ എന്നിങ്ങനെയാണ് വര്‍മ്മ ട്വീറ്റ് ചെയ്തത്. ഇത് വളരെ മുതിര്‍ന്ന വനിതാ നേതാവിനെ അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് റെഡ്ഡി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പട്ടികജാതി പട്ടികവര്‍ഗ നിയപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതിക്കൊപ്പം ട്വീറ്റും പൊലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.

ചലച്ചിത്ര സംവിധായകന് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി നേതാക്കള്‍ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ രംഗത്ത് എത്തി.

അതേസമയം ആരെയും നോവിക്കാന്‍ താന്‍ ഉദ്ദേശിച്ചില്ലെന്ന വിശദീകരണവുമായി രാം ഗോപാല്‍ വര്‍മ്മ രംഗത്ത് എത്തി. വെറും തമാശയ്ക്ക് വേണ്ടിയാണ് താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും മറ്റൊന്നും ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാഭാരതത്തില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ദ്രൗപദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് അവരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെക്കൂടി താന്‍ ഓര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement