വിമാനയാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഡി.ജി.സി.എ; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് പുതിയ നിർദേശങ്ങളുമായി ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ).

വിമാനത്താവളത്തിൽ കൊവിഡ് മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഡി ജി സി എ അറിയിച്ചിരിക്കുന്നത്.

മാസ്ക് ധരിക്കാതെ വിമാനത്താവളത്തിലെത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കണക്കാക്കുകയും അവരെ വിമാനത്താവളത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യും. യാത്രക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് വിമാനത്താവളത്തിലെ ജീവനക്കാർക്കും ഡി ജി സി എ നിർദേശം നൽകിയിട്ടുണ്ട്.

മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരിൽനിന്നു പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്. അല്ലെങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഇവരെ കൈമാറാമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡി ജി സി എ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൊവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും രോഗം പടരാൻ ഇനിയും സാദ്ധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Advertisement