ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്‌കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി

Advertisement

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്‌കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി. ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ ഡിസംബറിലാണ് നല്‍കിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്‍ശന്‍ പറഞ്ഞു.
മികച്ച നവാഗത സംവിധായകന് നല്‍കുന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനര്‍നാമകരണം ചെയ്തു. നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിനെ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡ് വിഭാഗങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗമായിരിക്കും.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി.
സ്വര്‍ണ കമലം അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത കമലം ജേതാക്കള്‍ക്ക് 2 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു.

Advertisement