അനധികൃത ബാലികാ സദനം, അന്വേഷിച്ച് ചെന്നപ്പോൾ അവിടെ 25 പെൺകുട്ടികൾ; പൂട്ടിട്ട് ഉദ്യോഗസ്ഥർ

ഇൻഡോ‌ർ: ഇൻഡോറിലെ അനധികൃത ചിൽഡ്രൻസ് ഹോം പൂട്ടിച്ച് മധ്യപ്രദേശ് സർക്കാർ . വിജയ് നഗറിലെ വാത്സല്യപുരം ബാലാശ്രമമാണ് സീൽ ചെയ്തത്.

വെള്ളിയാഴ്ച ഉദ്യോഗസ്ഥർ ചിൽഡ്രൻസ് ഹോമിലെത്തി സ്ഥാപനം പൂട്ടിക്കുകയായിരുന്നു. 25 പെൺകുട്ടികളാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഇൻഡോ‌ർ കളക്ടർ ആഷിഷ് സിങ്ങിന്റെ നിർദ്ദേശാനുസരണമാണ് അധികൃതർ ഇവിടെ അന്വേഷണം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ ജില്ലാ ശിശുക്ഷേമവകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് ചിൽഡ്രൻസ് ഹോമിൽ അന്വേഷണത്തിനെത്തിയത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ‌ർ ഉത്തരവാദിത്തപ്പെട്ട അധികാരികളെയാരെയും സ്ഥാപനത്തിൽ കണ്ടില്ല. അധികാരികളുടെ അഭാവത്തിൽ സെക്യൂരിറ്റി ജീവനക്കാരനോട് പൊലീസ് സ്ഥാപനത്തിന്റെ ഡോക്യുമെന്റെ്സ് ചോദിച്ചു. എന്നാൽ ചിൽഡ്രൻസ് ഹോമിന് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നില്ല.

ഇക്കാര്യം നാട്ടുകാ‌ർ അറിയിക്കുകയായിരുന്നെന്ന് ഇൻഡോ‌ർ സബ് ഡിവിഷൻ ഓഫീസർ ഘനശ്യാം ദംഗാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം പൊലീസ് സീൽ ചെയ്യുകയായിരുന്നു. 12 വയസ്സിൽ താഴെയുള്ള 25 പെൺകുട്ടികളാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവരെ പൊലീസ് ഗവൺമെന്റ് ബാൽ ആശ്രമിലേക്കും ജീവൻ ജ്യോതി ഗേൾസ് ഹോസ്റ്റലിലേക്കും മാറ്റി. ചിൽഡ്രൻസ് ഹോം നടത്തുന്നത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്ഡിഒ ഘനശ്യാം ചൂണ്ടിക്കാട്ടി.

Advertisement