ഫോൺ ചോർത്തൽ വിവാദം; മറുപടിയുമായി കേന്ദ്രസർക്കാർ

Advertisement

ന്യൂഡൽഹി: ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത്തരം സന്ദേശങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദേശം ലഭിച്ചവരും ആപ്പിൾ കമ്പനിയും അന്വേഷണത്തോട് സഹകരിക്കണമെന്നും കേന്ദ്രം അഭ്യർഥിച്ചു.

കേന്ദ്രസർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്തു.

അതേസമയം, ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കർമാരാണ് ചോർത്തലിനു പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന വിശദീകരണമാണ് ആപ്പിൾ നൽകിയത്. നോട്ടിഫിക്കേഷനായി വന്നത് തെറ്റായ മുന്നറയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിൾ തള്ളിക്കളയുന്നില്ല. അറ്റാക്കർമാർ രീതി മാറ്റാൻ സാധ്യതയുള്ളതിനാൽ ഏതു സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നും ആപ്പിൾ വ്യക്തമാക്കി.

Advertisement