അവയവ ദാതാക്കളുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതികളോടെ ആയിരിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

Advertisement

മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചവരുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതികളോടെ ആയിരിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. അവയവ ദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തരമെന്ന് വ്യക്തമാക്കിയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ തീരുമാനം.
പ്രിയപ്പെട്ട ഒരാളെ നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി അവയവം ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാര്‍ത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ തീരുമാനം അറിയിച്ചത്.
ഉന്നത പദവികള്‍ വഹിച്ചവര്‍ക്കും ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയവര്‍ക്കും രാജ്യത്തും സംസ്ഥാനത്തും വലിയ സംഭാവനകളിലൂടെ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുമാണ് മരണാനന്തരം സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കാറുള്ളത്. ഇതാണ് ഇനി തമിഴ്നാട്ടില്‍ അവയവ ദാതാക്കള്‍ക്കും ലഭിക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ അവയവ ദാന ശസ്ത്രക്രിയ നടക്കുന്ന സംസ്ഥാനമെന്ന നിലയില്‍ തമിഴ്നാട് സ്വന്തമാക്കിയ മുന്നേറ്റത്തിന്റെ തുടര്‍ച്ച കൂടിയാണ് പുതിയ തീരുമാനം. ഇതിന് സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

Advertisement