സിം കാർഡ് വാങ്ങാനും പഴയതു മാറ്റി വാങ്ങാനും ഇനി നിയമം കർശനമായേക്കും; പൊലീസ് വെരിഫിക്കേഷനും!

Advertisement

ന്യൂഡൽഹി: പുതിയ സിം കാർഡ് വേണ്ടവർക്കും, പഴയ സിം മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും, ഇ-സിം സേവനം ഇൻസ്റ്റാൾ ചെയ്തു നൽകുന്ന കടകൾക്കുമായി നിയമങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്നു റിപ്പോർട്ടുകൾ. ചില സംസ്ഥാനങ്ങളിൽ സിം വിൽക്കുന്ന കടകൾക്ക് പൊലിസ് വേരിഫിക്കേഷൻ പോലും വേണമെന്നും നിബന്ധന വന്നേക്കാം.

അനർഹരുടെ കൈയ്യിൽ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമങ്ങൾ വരുന്നതെന്നാണ് റിപ്പോർട്ട്. വ്യക്തികൾക്കും ടെലകോം കമ്പനികൾക്കും സിം വിൽക്കുന്ന കടകൾക്കും മുന്നിൽ കൂടുതൽ കടമ്പകൾ ഉണ്ടാകും.

ഇപ്പോൾ ഉപയോഗിച്ചു വരുന്ന സിം കാർഡിന് കേടുപാടു സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്യാം. പകരം പുതിയത് ലഭിക്കണമെങ്കിൽ അതിവിശദമായ വേരിഫിക്കേഷൻ വേണ്ടിവന്നേക്കും എന്നാണ് സൂചന. പുതിയ സിം കാർഡ് എടുക്കാൻ ഏർപ്പെടുത്തുന്ന നിയമങ്ങൾ, മാറ്റിയെടുക്കുന്നവർക്കും ബാധകമാക്കിയേക്കും.

സിം കാർഡുകൾ വിൽക്കുന്ന കടകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം. ഇത്തരം കടകളിൽ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരിക്കണം എന്ന നിബന്ധനയും ഉണ്ടാകും. അങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നുമാണ് വിവരം. അതേസമയം, നിലവിൽ പ്രവർത്തിക്കുന്ന കടകൾക്ക് ജോലിക്കാരുടെ പശ്ചാത്തലം പരിശോധിക്കാൻ സെപ്റ്റംബർ 30,2024 വരെ സാവകാശം നൽകും.

ജിയോയ്ക്കും എയർടെല്ലിനും കൂടുതൽ ഉത്തരവാദിത്വം

സിം വിൽക്കുന്ന ജിയോ, എയർടെൽ തുടങ്ങിയ ടെലോകോം സേവനദാദാക്കൾക്കും കൂടുതൽ ഉത്തരവാദിത്വം ഏർപ്പെടുത്തും. അവരുടെ കടകളിലും നിയമം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടി വരും.

പൊലിസ് വേരിഫിക്കേഷൻ

അസാം, കശ്മിർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കമ്പനികൾക്ക് സിം വിൽക്കാൻ അനുമതി ലഭിക്കണമെങ്കിൽ പൊലിസ് വേരിഫിക്കേഷൻ വരെ വേണ്ടിവരും.

Advertisement