അധ്യാപകർ അപമാനിച്ചു; ക്ലാസ് മുറിയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Advertisement

ജയ്പുർ: രാജസ്ഥാനിലെ കോത്പു‌ത്‌ലിയിൽ 15 വയസ്സുള്ള ദലിത് ആൺകുട്ടിയുടെ ആത്മഹത്യയിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിയെയാണ് ക്ലാസ്മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജാതീയ അധിക്ഷേപത്തെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

സ്കൂളിനെതിരെ നടപടി ആവശ്യപ്പെട്ടു വിവിധകോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നു. പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം പൊലീസ് കൊലപാതക കുറ്റത്തിനു കേസെടുത്തു. രണ്ട് അധ്യാപകർ നിരന്തരം അപമാനിക്കുന്നതായും പ്രിൻസിപ്പലോ വൈസ് പ്രിന്‍സിപ്പലോ ഇവർക്കെതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആത്മഹത്യ ചെയ്ത ആൺകുട്ടി പിതാവിനോട് പറഞ്ഞിരുന്നു.

സ്കൂളിനെതിരെ പൊലീസ് കേസെടുത്തതോടെയാണു പ്രതിഷേധത്തിൽനിന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പിന്മാറിയത്. ഇരയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാമെന്നും അധികാരികൾ ഉറപ്പുനൽകിയെന്നാണു റിപ്പോർട്ട്.

Advertisement