മുകളിലെ ബർത്തിൽ നിന്ന് ഏറ്റവും താഴത്തെ ബർത്തിലേക്ക് ഊർന്നിറങ്ങുന്ന കുഞ്ഞിൻറെ വീഡിയോ

കുട്ടികളുടെ നിഷ്ക്കളങ്കതയും അപ്രതീക്ഷിത നീക്കങ്ങൾ എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. കുട്ടികളുടെ ഇത്തരം കളികളുടെ ദൃശ്യങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വലിയ കാഴ്ചക്കാരാണുള്ളത്.

ആഗസ്റ്റ് ആറിന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുരുന്നിൻറെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാണ്. ഏതാണ്ട് അഞ്ചര ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. കഷ്ടിച്ച് ഒരു വയസ് മാത്രമുള്ള ഒരു കുട്ടി, ഓടുന്ന ട്രെയിനിലെ ഏറ്റവും മുകളിലെ ബർത്തിൽ നിന്ന് പരസഹായമില്ലാതെ ഏറ്റവും താഴത്തെ ബർത്തിലേക്ക് ഊർന്നിറങ്ങുന്നതായിരുന്നു വീഡിയിയോൽ ചിത്രീകരിച്ചിരുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്.

വിഡിയോയിൽ, ട്രെയിനിലെ മൂന്ന് ബർത്തുകളിലായി യാത്രക്കാർ ഉറങ്ങുകയും ഇരിക്കുകയും ചെയ്യുന്നിടത്ത് ഏറ്റവും മുകളിലെ ബർത്തിൽ നിന്ന് ഒരു കുട്ടി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നിടത്താണ് ദൃശ്യങ്ങളിലാണ് വീഡീയോ തുടങ്ങുന്നത്. ഏറ്റവും മുകളിലെ ബർത്തിൽ നിന്ന് താഴേക്കിറങ്ങാൻ ശ്രമിക്കുന്നുമ്പോൾ കാഴ്ചക്കാരന് ഭയം തോന്നുമെങ്കിലും കുട്ടിയുടെ രക്ഷിതാക്കൾക്കോ കുട്ടിക്കോ അത്തരമൊരു ആശങ്കയുണ്ടായിരുന്നില്ല. കുട്ടി ബർത്തിൽ നിന്ന് ബർത്തിലേക്ക് ഊർന്നിറങ്ങുമ്പോൾ ഏറ്റവും താഴെത്തെ ബർത്തിൽ ഇരുന്നിരുന്ന ആൾ എഴുന്നേറ്റ് കൊടുക്കുന്നതും കുട്ടിയുടെ മാതാപിതാക്കളിലൊരാളുടെ കൈകൾ അവനെ വീഴാതെ കരുതലായി ഇടയ്ക്ക് വീഡിയോയിലേക്ക് കടന്നു വരുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ കാഴ്ചക്കാരിൽ ഉണ്ടാകുന്ന ആശങ്കകളൊന്നും കുട്ടിയുടെ മുഖത്തില്ല. ‘ഇതൊക്കെ എന്ത്’ എന്ന ഭാവത്തിലായിരുന്നു അവൻ, ഒരോ ബർത്തിൽ നിന്നും താഴേക്ക് ഊർന്നിറങ്ങിയത്. ഏറ്റവും ഒടുവിലെ ബർത്തിലെത്തുമ്പോൾ നിരങ്ങി നീങ്ങി ജനലിനടുത്തേക്ക് ചിരിച്ച് കൊണ്ട് കുഞ്ഞ് നീങ്ങുമ്പോൾ മാത്രമാണ് ചിലരുടെ ശ്വാസം നേരെ വീണതെന്ന് കമൻറുകളിൽ നിന്ന് വ്യക്തം.

“babies_town” എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം, 47 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയിൽ മറ്റ് സംഭാഷണങ്ങളില്ല. എന്നാൽ പശ്ചാത്തലത്തിൽ ‘തൂഫാൻ’ സിനിമയിലെ ഗാനം കേൾക്കാം. “കുട്ടിയെ സുരക്ഷിതമായി താഴെയിറക്കാൻ സഹായിക്കുന്നതിനേക്കാൾ ആളുകൾ വീഡിയോകൾ നിർമ്മിക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന തിരക്കിലാണ് എന്നത് ലജ്ജാകരമാണ്. വീഡിയോ നീക്കം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.” എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. എന്നാൽ, ചിലർ ക്രിഷ് 4 എന്ന ഹിന്ദി സിനിമയിലെ ചില ദൃശ്യങ്ങളുമായി താരതമ്യം ചെയ്തു.

Advertisement