ഷാരൂഖ് ചിത്രം ‘ജവാനി’ലെ രംഗങ്ങൾ ചോർന്നു; നിർമാണക്കമ്പനിയുടെ പരാതിയിൽ കേസെടുത്തു

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ജവാനിന്‍റെ ദൃശ്യങ്ങൾ മോഷ്ടിക്കപ്പെട്ടതായും ഓൺലൈൻ വഴി ചോർന്നതായും പരാതി. ട്വിറ്ററിലൂടെയാണ് ചിത്രത്തിലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നു. സെപ്റ്റംബർ‌ 7ന് ചിത്രം റിലീസ് ചെയ്യാനിരിക്കേയാണ് നിർമാതാക്കളെ ഞെട്ടിച്ചു കൊണ്ട് രംഗങ്ങൾ ചോർന്നത്. ഷാരൂഖ് ഖാന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും നിർമാണക്കമ്പനിയായ റെഡ് ചില്ലീസ് ആണ് ചിത്രം നിർമിക്കുന്നത്.

നിർമാണകമ്പനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി ഹൈക്കോടതിയുടെ നിർദേശ പ്രകാരം സാന്‍റാക്രൂസ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. ചീഫ് ഫിനാൻഷ്യൻ ഓഫിസർ പ്രദീപ് നിമാനി വഴിയാണ് കമ്പനി പരാതി നൽകിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണ സമയത്ത് സെറ്റിൽ ഉണ്ടായിരുന്നവർക്ക് മൊബൈൽ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും ദൃശ്യങ്ങൾ ചോർന്നത് നിർമാതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിലവിൽ ഐപിസി സെക്ഷൻ 379 പ്രകാരം മോഷണക്കുറ്റം ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Advertisement