ഇവിടെ സസ്യാഹാരികൾ മാത്രം ഇരിക്കുക, വിവാദമായി ഐഐടി ബോംബെ കാന്റീനിലെ പോസ്റ്റർ

മുംബൈ: വിവാദമായി ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാന്റീനിൽ പതിപ്പിച്ച പോസ്റ്റർ. “വെജിറ്റേറിയൻമാർക്ക് മാത്രമേ ഇവിടെ ഇരിക്കാൻ അനുവാദമുള്ളൂ” എന്നായിരുന്നു കാന്റീനിൽ പതിച്ച പോസ്റ്ററിൽ പറയുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തന്നെയാണ് ഹോസ്റ്റൽ കാന്റീനുകളിലൊന്നിൽ പതിപ്പിച്ച പോസ്റ്ററിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം അനുസരിച്ച്, സസ്യാഹാരികൾക്കും മാംസാഹാരികൾക്കും പ്രത്യേകം പ്രത്യേകം സ്ഥലമാണ് കാന്റീനിൽ അനുവദിച്ചിട്ടുള്ളത്. റൈറ്റ് ടു ഫുഡ് എന്ന ട്വിറ്റർ പേജിലാണ് ഈ പോസ്റ്ററിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഐഐടി ബോംബെ പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ കാണുന്ന ഈ നോട്ടീസുകൾ രാജ്യത്തിനും സമൂഹത്തിനും ദുഃഖകരമായ അവസ്ഥയാണെന്നാണ് ചിത്രങ്ങൾക്കൊപ്പം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനം ആളുകളുടെ ഭക്ഷണ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള വിവേചനം കാണിക്കുകയാണ് എങ്കിൽ, അത്തരം പ്രവൃത്തികളെ ചെറുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ചിത്രം പങ്കുവെച്ച ട്വിറ്റർ പേജ് ‘റൈറ്റ് ടു ഫുഡ്’ അഭിപ്രായപ്പെട്ടു.

സംഭവം വിവാദമായതോടെ ഹോസ്റ്റൽ ജനറൽ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി. വിശദീകരണകുറിപ്പിൽ വെജിറ്റേറിയൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ഇരിപ്പിടം ഇല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വെറും തെറ്റിദ്ധാരണകൾ മാത്രമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചില വ്യക്തികൾ മെസ്സിന്റെ ചില പ്രദേശങ്ങളെ ‘ജൈന സിറ്റിംഗ് സ്‌പേസ്’ എന്ന് നിർബന്ധിതമായി അടയാളപ്പെടുത്തുകയും ആ പ്രദേശങ്ങളിൽ ഇരിക്കാൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം കൊണ്ടുവരുന്ന വ്യക്തികളെ അനുവദിക്കാതിരിക്കുകയും ചെയ്തതിന്റെ റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്പര ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾക്ക് വിരുദ്ധമായതിനാൽ അത്തരം പെരുമാറ്റം ‘അസ്വീകാര്യമാണ്’ എന്നും കോളേജ് അധികൃതകരെ പ്രതിനിധീകരിച്ചുകൊണ്ട് ഹോസ്റ്റൽ സെക്രട്ടറി പരാമർശിച്ചു. ഒരു പ്രത്യേക കമ്മ്യൂണിറ്റിക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു വിദ്യാർത്ഥിയെ ഏതെങ്കിലും പ്രദേശത്ത് നിന്ന് നീക്കം ചെയ്യാൻ ഒരു വിദ്യാർത്ഥിക്കും അവകാശമില്ല എന്നും വിശദീകരണ സന്ദേശത്തിൽ പറയുന്നു.

Advertisement

1 COMMENT

  1. So what contraversary on that good decision? what is the wrong?, I am a NV , it is my personal interest, but it is not my right to force others must accept and follow. Canteen admin decision is 100 percentage right.

Comments are closed.